സർക്കാർ പരസ്യത്തിന്റെ മറവിൽ പാർട്ടി പരസ്യം: എ.എ.പി 163.62 കോടി രൂപ തിരിച്ചക്കണമെന്ന് ഡൽഹി സർക്കാർ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാലത്ത് സർക്കാർ പരസ്യങ്ങളുടെ മറവിൽ പാർട്ടി പരസ്യങ്ങൾ നൽകിയെന്ന ആരോപണത്തിൽ 163.62 കോടി രൂപ പിഴയടക്കണമെന്ന് ആ​വശ്യപ്പെട്ട് ആംആദ്മി പാർട്ടിക്ക് ഡൽഹി സർക്കാറിന്റെ നോട്ടിസ്. ഇൻഫർമേഷൻ ആന്റ് പബ്ലിസിറ്റി ഡയറക്ടറേറ്റാണ് നോട്ടീസ് അയച്ചത്. 10 ദിവസത്തിനുള്ളിൽ തുക അടക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്.

99,31,10,053 ​രൂപ സംസ്ഥാന ഖജനാവിലേക്ക് ഉടൻ തിരിച്ചടക്കണമെന്നും, സർക്കാർ ഇതുവരെ പണം നൽകാത്ത ബാക്കി പരസ്യങ്ങൾക്ക് 7.11 കോടി രൂപ 10 ദിവസത്തിനകം ബന്ധപ്പെട്ട ഏജൻസികൾക്ക് നേരിട്ട് നൽകണമെന്നും ആണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

നോട്ടീസിലെ നിർദേശം നടപ്പിലാക്കുന്നതിൽ എ.എ.പി കൺവീനർ വീഴ്ച വരുത്തിയാൽ, ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ നേരത്തെയുള്ള ഉത്തരവ് പ്രകാരം പാർട്ടിയുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയാണ് അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിക്കെതിരെ നടപടി ആരംഭിച്ചത്. ഡിസംബർ 20 ന് 97 കോടി രൂപ തിരിച്ചു പിടിക്കാൻ ആവശ്യപ്പെട്ട് ലെഫ്റ്റനന്റ് ഗവർണർ നൽകിയ നോട്ടീസിനെതിരെ പാർട്ടി രംഗത്തു വന്നിരുന്നു. എൽ.ജി ക്ക് അത്തരമൊരു നടപടിക്കുള്ള അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പാർട്ടി പ്രതി​രോധിച്ചത്. 

Tags:    
News Summary - AAP Gets ₹ 164 Crore Notice For 'Political Ads', Asked To Pay In 10 Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.