ന്യൂഡൽഹി: മതനാമങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാനുള്ള ഹരജിയിൽ ബി.ജെ.പിയെ കക്ഷിചേർക്കണമെന്ന് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. മതചിഹ്നമായ താമര ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായതുകൊണ്ടാണ് ബി.ജെ.പിയെയും കേസിൽ കക്ഷിചേർക്കേണ്ടി വരുന്നതെന്ന് മുസ്ലിം ലീഗിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു.
മതനാമവും മതചിഹ്നങ്ങളും ഉപയോഗിക്കുന്ന എല്ലാ പാർട്ടികളെയും കക്ഷിചേർക്കണമെന്ന സുപ്രീംകോടതി നിർദേശം പാലിക്കാത്തതിനാൽ ഹരജി തള്ളണമെന്ന് അസദുദ്ദീൻ ഉവൈസിയുടെ അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീന് (എ.ഐ.എം.ഐ.എം) വേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ കെ.കെ വേണുഗോപാലും ആവശ്യപ്പെട്ടു. സമാന വിഷയത്തിൽ മറ്റു കോടതികളിലുള്ള ഹരജികളുടെ പകർപ്പ് സമർപ്പിക്കാൻ നിർദേശിച്ച് സുപ്രീംകോടതി മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റി.
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്, അഖിലേന്ത്യാ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ പോലെ മതനാമങ്ങളുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ യു.പി ശിയാ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ബി.ജെ.പി വക്താവ് കൂടിയായ സുപ്രീംകോടതി അഭിഭാഷകൻ ഗൗരവ് ഭാട്ടിയ ആണ് റിസ്വിക്ക് വേണ്ടി ഹാജരായത്.
ഏതെങ്കിലും പാർട്ടികൾ മതനാമങ്ങൾ ഉപയോഗിച്ചതുകൊണ്ട് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ല എന്നും ആ നിലക്കും ഹരജി തള്ളേണ്ടതാണെന്നും വേണുഗോപാൽ വാദിച്ചു. മതനാമവും മതചിഹ്നങ്ങളും ഉപയോഗിക്കുന്ന എല്ലാ പാർട്ടികളെയും ഈ കേസിൽ കക്ഷി ചേർക്കണമെന്ന് കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ സുപ്രീംകോടതി നിർദേശിച്ചതാണ്.
എന്നാൽ, ആ നിർദേശം പാലിക്കാതെ മുസ്ലിം പേരുള്ള രണ്ടു പാർട്ടികളെമാത്രമാണ് ഇപ്പോഴും റിസ്വി കക്ഷിയാക്കിവെച്ചിട്ടുള്ളത്. അക്കാരണത്താൽതന്നെ ഈ ഹരജി തള്ളണം. ഇതു കൂടാതെ ഡൽഹി ഹൈകോടതിയിൽ ഇതേ ആവശ്യത്തിന് മറ്റൊരു കേസ് ഉള്ളതുകൊണ്ടും ഈ ഹരജി നിലനിൽക്കില്ലെന്ന് മുൻ എ.ജി ബോധിപ്പിച്ചു.
മതനാമങ്ങളും മതചിഹ്നങ്ങളും ഉപയോഗിക്കുന്ന ബി.ജെ.പി അടക്കമുള്ള നിരവധി പാർട്ടികളുടെ പട്ടിക തങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും അവരെയും ഈ കേസിൽ കക്ഷികളാക്കണമെന്നും മതചിഹ്നമായ താമര ഉപയോഗിക്കുന്ന ബി.ജെ.പി അതിലൊരു കക്ഷിയാണെന്നും ദുഷ്യന്ത് ദവെ ബോധിപ്പിച്ചു.
തുടർന്ന് ഡൽഹി ഹൈകോടതിയിലോ മറ്റേതെങ്കിലും കോടതികളിലോ ഇതുമായി ബന്ധപ്പെട്ട കേസുണ്ടെങ്കിൽ അതിന്റെ പകർപ്പ് സമർപ്പിക്കാൻ ആവശ്യപ്പെട്ടു കോടതി കേസ് മാറ്റിവെച്ചു. തനിക്ക് പറയാനുള്ളത് കേൾക്കണമെന്ന് ആവശ്യപ്പെടുമ്പോൾ എല്ലാം കേൾക്കും എന്ന് പറയുകയല്ലാതെ കോടതി തന്നെ കേൾക്കുന്നില്ലെന്ന് ദുഷ്യന്ത് ദവെ പരാതിപ്പെട്ടു. തങ്ങൾ കേൾക്കും എന്ന് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ജസ്റ്റിസ് ഷായുടെ പ്രതികരണം. എന്തിനാണ് കോടതി സമയം പാഴാക്കുന്നതെന്നും വസീം റിസ്വി പോയി ബി.ജെ.പിയിൽ ചേരട്ടെ എന്നും ദുഷ്യന്ത് ദവെ പറഞ്ഞപ്പോൾ ഇത് നിർഭാഗ്യകരമാണെന്ന് ബി.ജെ.പി വക്താവ് കൂടിയായ അദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.