മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് വിട്ട് പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ)യിൽ ചേർന്ന മുൻമന്ത്രി അനീസ് അഹമദ് കോൺഗ്രസിൽ തിരിച്ചെത്തി. കോൺഗ്രസ് ടിക്കറ്റ് നൽകാത്തതിനെ തുടർന്ന് തിങ്കളാഴ്ചയാണ് പ്രകാശ് അംബേദ്കറുടെ സാന്നിധ്യത്തിൽ വി.ബി.എയിൽ ചേർന്നത്.
നാഗ്പുർ സെൻട്രലിൽ വി.ബി.എ ടിക്കറ്റും നൽകി. ചൊവ്വാഴ്ചയായിരുന്നു പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. എന്നാൽ, സമയം വൈകിയതിനെ തുടർന്ന് പത്രിക സമർപ്പിക്കാനായില്ല. മൂന്നുമണിക്കുമുമ്പെ എത്തിയിട്ടും പത്രിക സമർപ്പിക്കാൻ അനുവദിച്ചില്ലെന്ന് അനീസ് അഹമദ് ആരോപിച്ചു.
പത്രിക സമർപ്പിക്കാൻ കഴിയാത്തതോടെയാണ് നാല് ദിവസങ്ങൾക്കുശേഷമുള്ള തിരിച്ചുവരവ്. മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലാണ് ശനിയാഴ്ച കോൺഗ്രസിൽ തിരികെ ചേർന്നത്. നാഗ്പുർ സെൻട്രലിൽ ’94 മുതൽ തുടർച്ചയായി മൂന്നുതവണ ജയിച്ച അനീസ് ഉന്നത, സാങ്കേതിക വിദ്യാഭ്യാസ സഹമന്ത്രിയും ക്ഷീരവികസന, മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പുകളുടെ കാബിനറ്റ് മന്ത്രിയുമായിട്ടുണ്ട്. വിദർഭയിൽ കോൺഗ്രസിന്റെ പ്രധാന മുസ്ലിം മുഖമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.