മുംബൈ: 78കാരനായ വൃദ്ധന്‍റെ മരണാനന്തര കർമങ്ങൾ ചെയ്യാൻ മകൻ വിസമ്മതിച്ചതിനെ തുടർന്ന് ഉത്തരവാദിത്തം ഏറ്റെടുത്ത് മുസ്ലിം സംഘടന. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച വൃദ്ധന്‍റെ ഭാര്യ കോവിഡ് ബാധിച്ച് അകോള ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മഹാരാഷ്ട്രയിൽ തന്നെ കോവിഡ് ഗുരുതരമായി ബാധിച്ച പ്രദേശങ്ങളിലൊന്നാണ് അകോള. 25 കോവിഡ് മരണങ്ങളും 400ഓളം പോസിറ്റീവ് കേസുകളുമാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മെയ് 23നാണ് വൃദ്ധന്‍റെ ഭാര്യയെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 25ന് വൃദ്ധൻ വീട്ടിൽ കുഴഞ്ഞുവീണ് കിടക്കുന്നതായി ആശുപത്രി ഡീനിന് ഫോൺ സന്ദേശം ലഭിച്ചു. ആംബുലൻസുമായി എത്തിയപ്പോഴേക്കും ഇദ്ദേഹം മരിച്ചിരുന്നു. ഇദ്ദേഹം കോവിഡ് രോഗബാധിതനാണോ എന്ന് വ്യക്തമല്ല.
നാഗ് പുരിൽ താമസിക്കുന്ന മകനെ വിവരം അറിയിച്ചെങ്കിലും മരണാനന്തര കർമങ്ങൾ നിർവഹിക്കാനോ മൃതദേഹം ഏറ്റെടുക്കാനോ തയാറല്ലെന്ന് ഇയാൾ മുനിസിപ്പൽ അധികൃതരെ അറിയിക്കുകയായിരുന്നു. കാര്യം അറിഞ്ഞതോടെ പ്രാദേശിക മുസ്ലിം സംഘടനയായ അകോള കുച്ചി മേമൻ ജമാ അത്ത് ചടങ്ങുകൾ നിർവഹിക്കാൻ തയാറായി മുന്നോട്ടുവരികയായിരുന്നു. ശ്മശാനത്തിൽ ചിതക്ക് തീ കൊളുത്തിയതും ഇവരാണ്. ഇതിന്‍റെ ചിലവിലേക്ക് 5,000 രൂപ മകൻ നൽകിയതായി അധികൃതർ അറിയിച്ചു.
അകോളയിൽ ആദ്യ കോവിഡ് മരണം നടന്നത് മുതൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ വേണ്ട സഹായങ്ങൾ നൽകിവരുന്നുണ്ട് അകോള കുച്ചി മേമൻ ജമാ അത്ത് എന്ന സംഘടന. ഇതുവരെ 60 മൃതദേഹങ്ങളാണ് ഇവർ സംസ്ക്കരിച്ചത്. ഇതിൽ 21 പേരും കോവിഡ് മൂലമാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.