റാഞ്ചി: തീവ്രവാദ സംഘടനയായ അൽഖാഇദയുടെ ഇന്ത്യൻ പതിപ്പുമായി ബന്ധം ആരോപിച്ച് ഝാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്ന് 11 പേരെ അറസ്റ്റ് ചെയ്തു. മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുന്നു. കേന്ദ്ര ഏജൻസികളിൽനിന്നുള്ള രഹസ്യ വിവരത്തെതുടർന്ന് ഡൽഹി പൊലീസിന്റെ സ്പെഷൽ സെല്ലും സംസ്ഥാനങ്ങളിലെ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ആയുധ പരിശീലനത്തിനിടെയാണ് രാജസ്ഥാനിലെ ഭിവാഡിയിൽനിന്ന് ആറ് പേരെ പിടികൂടിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഝാർഖണ്ഡ് സ്വദേശികളായ ഹസൻ അൻസാരി, ഇനാമുൽ അൻസാരി, അൽതാഫ് അൻസാരി, അർഷാദ് ഖാൻ, ഉമർ ഫാറോഖ്, ഷഹബാസ് അൻസാരി എന്നിവരാണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി ഇവർ രാജസ്ഥാനിൽ തങ്ങുകയായിരുന്നു. ഇതിനുശേഷം ഝാർഖണ്ഡിലെ റാഞ്ചിയിൽനിന്ന് അഞ്ച് പേരെയും പിടികൂടി. ഡോ. ഇഷ്തിയാഖ് അഹമ്മദ്, മോതിയൂർ, റിസ്വാൻ, മുഫ്തി റഹ്മത്തുള്ള, ഫൈസാൻ എന്നിവരാണിവർ. ഉത്തർപ്രദേശിലെ അലിഗഢിൽനിന്ന് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
രാജസ്ഥാനിലെ ആരവല്ലി മലനിരകളിലെ കാടുകളിൽ ഉൾപ്പെടെ ആയുധ പരിശീലനം നടത്തിയതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വടക്കേ ഇന്ത്യയിൽ ഉത്സവ സീസണിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടതായി സംശയിക്കുന്നതായും വ്യക്തമാക്കി. അറസ്റ്റിലായവരിൽനിന്ന് നിരവധി ആയുധങ്ങൾ പിടിച്ചെടുത്തതായി ഡൽഹി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. മാസങ്ങളായി ഇവർ സമൂഹ മാധ്യമത്തിലൂടെ ബന്ധപ്പെടുന്നതായി അറിയാൻ കഴിഞ്ഞെന്നും പരിശോധന തുടരുമെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.