ന്യൂഡൽഹി: ആൾമാറാട്ടം നടത്തി സൈബർ തട്ടിപ്പ് നടത്തിയ 20,000 കമ്പനികളെ കണ്ടെത്താൻ സി.ബി.ഐയെ സഹായിച്ചതായി ആമസോൺ കമ്പനി വെളിപ്പെടുത്തി. 10,000 ഫോൺ നമ്പറുകളെയും നൂറോളം സൈബർ കുറ്റവാളികളെയും കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത് അവരുടെ അറസ്റ്റിലേക്ക് നയിച്ചുവെന്നും കമ്പനി വ്യക്തമാക്കി. രാജ്യാന്തര സൈബർ കുറ്റകൃത്യശൃംഖലകളെ പിടികൂടാൻ ഇന്ത്യൻ അന്വേഷണ ഏജൻസികളുമായി സഹകരിച്ചുപ്രവർത്തിക്കുമെന്ന് ആമസോൺ വ്യക്തമാക്കി.
രാജ്യവ്യാപകമായി സി.ബി.ഐ നടത്തിയ റെയ്ഡിൽ കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ നടന്ന രാജ്യാന്തര സംഘടിത സൈബര്‍ കുറ്റകൃത്യങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണത്തെ സഹായിച്ച ആമസോണിന്റെ പ്രതികരണം. അമേരിക്കയിലും ഇന്ത്യയിലും കുറ്റവാളികളുടെ വിചാരണ സാധ്യമാകുന്നതരത്തിൽ ആമസോണും മൈക്രോസോഫ്റ്റുമായി സഹകരിച്ചായിരുന്നു സി.ബി.ഐ റെയ്ഡ്. കുറ്റകൃത്യങ്ങൾക്ക് ഇരകളാക്കപ്പെട്ടവർക്കായി ഇന്ത്യൻ നിയമപാലകരുമായും അന്വേഷണ ഏജൻസികളുമായും സഹകരിച്ചുള്ള പ്രവർത്തനം തുടരുമെന്ന് ആമസോൺ അറിയിച്ചു.
അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ), സൈബര്‍ ക്രൈം ഡയറക്ടറേറ്റ്, ഇന്റര്‍പോളിന്റെ ഐ.എഫ്.സി.എ.സി.സി, ബ്രിട്ടനിലെ നാഷനല്‍ ക്രൈം ഏജന്‍സി (എന്‍.സി.എ) സിംഗപ്പൂര്‍ പൊലീസ് ഫോഴ്സ്, ജര്‍മനിയിലെ ബി.കെ.എ എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ചാണ് സി.ബി.ഐ റെയ്ഡും തുടർനടപടികളുമായി മുന്നോട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.