അംബാനിക്ക്​ ഭീഷണി: മുഖ്യസൂത്രധാരൻ പ്രദീപ് ശർമയെന്ന് എൻ.ഐ.എ

മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്​തുക്കളുമായി സ്കോർപിയോ കൊണ്ടിടുകയും വാഹനത്തിൻെറ ഉടമ മൻസുഖ് ഹിരേനെ കൊലപ്പെടുത്തുകയും ചെയ്​ത കേസിൽ മുഖ്യ സൂത്രധാരകരിൽ ഒരാളാണ് ഏറ്റുമുട്ടൽ വിദഗ്​ധനായ മുൻ പൊലീസ് ഇൻസ്പെക്​ടർ പ്രദീപ് ശർമയെന്ന് ദേശീയ അന്വേഷണ ഏജൻസി. മൻസുഖ് ഹിരേനെ തങ്ങളാണ് കൊലപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസം പിടിയിലായ മനീഷ് സോണി, സതീഷ് മോട്ടേകരേല എന്നിവർ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെയാണ് വ്യാഴാഴ്ച പ്രദീപ് ശർമയെ കേസിൽ അറസ്റ്റ് ചെയ്​തത്.

പ്രദീപ് ശർമയുടെയും നേരത്തെ അറസ്റ്റിലായ അസിസ്റ്റൻറ്​ ഇൻസ്പെക്ടർ സച്ചിൻ വാസെയുടെയും നിർദേശപ്രകാരമാണ് കൊല നടത്തിയതെന്നാണ് ഇവരുടെ മൊഴി. കൊലപാതകത്തിന് തൊട്ടുമുമ്പും കൊല നടത്തിയശേഷവും ഇരുവരും പ്രദീപ് ശർമയെയും സച്ചിൻ വാസയേയും ഫോണിൽ ബന്ധപ്പെട്ടത്തിൻെറ തെളിവുകൾ ലഭിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു.

മാർച്ച് നാലിന് രാത്രി താണെയിലെ ഗോഡ്ബന്ദർ റോഡിലേക്ക് മൻസുഖിനെ വിളിച്ചുവരുത്തിയ സച്ചിൻ വാസെ, പിന്നീട്‌ മൻസുഖിനെ പ്രതികൾക്ക് കൈമാറുകയായിരുന്നു. ആ സമയം സച്ചിൻ വാസെക്കൊപ്പം ഇൻസ്പെക്​ടർ സുനിൽ മാനെയും ഉണ്ടായിരുന്നു.

മൻസുഖിനെ കൊണ്ടുപോയ കാർ ഓടിച്ചത് മനീഷ് സോണിയാണ്. സന്തോഷ് ഷേലാർ, സതീഷ് മോട്ടേകരേല, ആനന്ദ് ജാദവ് എന്നിവരാണ് കാറിലുണ്ടായിരുന്നതെന്നും എൻ.ഐ.എ വൃത്തങ്ങൾ അവകാശപ്പെട്ടു. പ്രദീപ് ശർമ ഇൻസ്പെക്​ടറായിരിക്കെ സതീഷ് ഷേലാർ അദ്ദേഹത്തിന് ക്രിമിനൽ സംഘങ്ങളുടെ വിവരങ്ങൾ ചോർത്തി നൽകുന്ന ചാരനായിരുന്നു.

പ്രദീപ് ശർമയുടെ ശിഷ്യനായിട്ടാണ് സച്ചിൻ വാസെ അറിയപ്പെടുന്നത്. ഇരുവരും മുംബൈ പൊലീസ് കമീഷണർ പരമ്പീർ സിങ്ങിൻെറ വിശ്വസ്​തരാണ്. അംബാനി ഭീഷണി കേസിൽ സച്ചിൻ വാസെ അറസ്റ്റിലായതോടെ പരമ്പീറിനെ കമീഷണർ പദവിയിൽ നിന്നും മാറ്റുകയായിരുന്നു.

Tags:    
News Summary - Ambani threatened: NIA names Pradeep Sharma as mastermind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.