ഇംഫാൽ: വംശീയ കലാപത്തിന്‍റെ മുറിവുകളുണങ്ങാത്ത മണിപ്പൂരിൽ ഒരിടവേളക്ക് ശേഷം സംഘർഷം വ്യാപിക്കുന്നു. ഇന്നലെ ഒരു വിമുക്ത സൈനികനും സ്ത്രീയും സംഘർഷങ്ങളിൽ കൊല്ലപ്പെട്ടു. ഇരുവരും കുക്കി വിഭാഗക്കാരാണ്.
കാങ്പോക്പി ജില്ലയിലെ മോട്ബങ് സ്വദേശിയായ വിമുക്തി ഭടൻ ലാൽബോയ് മേറ്റിന്റെ മൃതദേഹമാണ് രക്തത്തിൽ കുളിച്ച നിലയിൽ സെക്മായ് പ്രദേശത്ത് തിങ്കളാഴ്ച കണ്ടെത്തിയത്. അസം റെജിമെന്റിൽ ഹവിൽദാറായിരുന്ന ഇദ്ദേഹം ഞായറാഴ്ച രാത്രി കാറിൽ കുക്കി- മെയ്തേയി സംഘർഷബാധിത പ്രദേശത്ത് എത്തിയതായിരുന്നു.
നെയ്ജാഹോയ് ലുങ്ദിം എന്നാണ് കാങ്പോക്പി ജില്ലയിൽ കൊല്ലപ്പെട്ട സ്ത്രീയുടെ പേര്. താങ്ബു ഗ്രാമത്തിലെ ക്രിസ്ത്യൻ പള്ളിക്ക് മുന്നിലാണ് ബോംബ് സ്ഫോടനത്തിലേറ്റ മുറിവുകളോടെ ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മണിപ്പൂരിൽ തുടരുന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ട് വിദ്യാർഥികൾ തിങ്കളാഴ്ച തെരുവിലിറങ്ങി. സെക്രട്ടേറിയറ്റിനും രാജ്‍ഭവനും മുന്നിൽ ധർണ നടത്തിയ വിദ്യാർഥികൾ എം.എൽ.എമാർ രാജിവെക്കണമെന്ന മുദ്രാവാക്യം മുഴക്കി. പിന്നീട് മുഖ്യമന്ത്രി ബിരേൻ സിങ്ങിനെയും ഗവർണർ ലക്ഷ്മൺ ആചാര്യയെയും സന്ദർശിച്ച വിദ്യാർഥി നേതാക്കൾ ഡി.ജി.പിയെയും സംസ്ഥാന സർക്കാറിന്റെ സുരക്ഷാ ഉപദേഷ്ടാവിനെയും മാറ്റണമെന്നതടക്കം ആറ് ആവശ്യങ്ങൾ ഉന്നയിച്ചു. സംഘർഷം നിയന്ത്രിക്കുന്നതിൽ ഇരുവരും പരാജയപ്പെട്ടുവെന്ന് നേതാക്കൾ ആരോപിച്ചു.
ഏതാനും ദിവസം മുമ്പ് തുടങ്ങിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ സംസ്ഥാനത്ത് ഒമ്പത്പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.