ഡൽഹി: മണിപ്പൂർ വിഷയം പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സത്യം എന്താണെന്ന് രാജ്യം അറിയണം. അതേസമയം, പ്രതിപക്ഷ അംഗങ്ങൾ ഇതിന് അനുവദിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും ഇന്നത്തേക്ക് പിരിഞ്ഞു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിലെത്തി പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടത്.
വിഷയത്തിൽ കേന്ദ്രം സംസാരിക്കാൻ തയാറെടുക്കുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലോക്സഭയെ അറിയിച്ചത്.
വ്യാഴാഴ്ച പാർലമെന്റ് മൺസൂൺ സമ്മേളനത്തിനായി ചേർന്നപ്പോൾ, 15 പ്രതിപക്ഷ എം.പിമാരെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി വംശീയ അക്രമത്തിൽ 100 ലധികം പേർ കൊല്ലപ്പെട്ട വടക്കുകിഴക്കൻ സംസ്ഥാനത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാറ്റിവയ്ക്കൽ നോട്ടീസ് അയച്ചു.
267 റൂൾ പ്രകാരം മണിപ്പൂർ വിഷയം ചർച്ചചെയ്യണമെന്നാണ് പ്രതിപക്ഷ എം.പിമാർ ആവശ്യപ്പെട്ടത്. ഈ നിയമമനുസരിച്ച്, പ്രത്യേക സംഭവങ്ങൾ ഉണ്ടാകുമ്പോൾ പാർലമെന്റിന്റെ എല്ലാ നടപടികളും നിർത്തിവെച്ച് അത് ചർച്ച ചെയ്യണമെന്നാണ്. 27 എം.പിമാർ ഇക്കാര്യം ആവശ്യപ്പെട്ടുവെങ്കിലും 176 റൂൾ പ്രകാരം കുറച്ചു നേരം ചർച്ച ചെയ്യാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. മണിപ്പൂരിലെ മാത്രമല്ല, രാജസ്ഥാൻ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലടക്കം സ്‍ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് ചർച്ച ചെയ്യണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.