‘അമിത് ഷാ..നിങ്ങളും നിങ്ങളുടെ പാർട്ടിയുമാണ് വ്യാമോഹികൾ, അധികാരത്തിന്റെ ഹുങ്ക് കാലചക്രം തിരിയുമ്പോൾ തകർന്നടിഞ്ഞുപോവുമെന്നത് മറക്കരുത്’ -സാ​കേത് ഗോഖലെ

ന്യൂഡൽഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിയ കേന്ദ്ര സര്‍ക്കാർ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി വിധിയിൽ ആഹ്ലാദിക്കുന്നവർ വ്യാമോഹികളാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായു​ടെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ്. നിങ്ങളും നിങ്ങളുടെ പാർട്ടിയുമാണ് വ്യാമോഹികളെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാ​കേത് ഗോഖലെ ചൂണ്ടിക്കാട്ടി. പൊലീസ് ഭരണകൂടത സൃഷ്ടിച്ചും സ്ഥാപനങ്ങളെ അവിഹിതമായി സ്വാധീനിച്ചും വേട്ടയാടുമെന്ന ഭയം ഉളവാക്കിയും എക്കാലവും അധികാരത്തിൽ തുടരാനാകുമെന്ന് കരുതുന്നത് ആ വ്യാമോഹത്താലാണ്. അധികാരത്തിന്റെ ലഹരിയിൽ അഹങ്കാരത്തിലമർന്നുകഴിയുന്നവരുടെ ക്രൂരതകൾ കാലചക്രം തിരിയുമ്പോൾ തകർന്നടിഞ്ഞുപോവുമെന്ന് മറക്കുന്നവരാണ് ഏറ്റവും വലിയ വ്യാമോഹികളെന്നും സാകേത് ഗോഖലെ ഓർമിപ്പിച്ചു.

‘നിങ്ങളുടെ അത്രയേറെ വിശ്വസ്തനായ ഒരാളെ ഇ.ഡി ഡയറക്ടറായി നിങ്ങൾ നിയമിച്ചു. എന്നിട്ട് അയാൾക്ക് മൂന്നു തവണ കാലാവധി നീട്ടിനൽകുകയും ചെയ്തു.കീഴടങ്ങാനോ ബി.ജെ.പിയിൽ ചേരാനോ പ്രതിപക്ഷത്തെ നിർബന്ധിക്കാനായി ഇ.ഡിയെ കെട്ടഴിച്ചുവിടാൻ നിങ്ങൾ അയാളെ ഉപയോഗിച്ചു. നിങ്ങൾ ഇത് എനിക്കെതിരെയും പ്രയോഗിച്ചതിനാൽ അക്കാര്യം നന്നായറിയാം.

ഇപ്പോൾ, മാഫിയയെ പോലുള്ള നിങ്ങളുടെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി തുറന്നുകാട്ടിയിരിക്കുന്നു. അതേ.. നിങ്ങളുടെ പ്രിയപ്പെട്ട ഉദ്യോഗസ്ഥന് നിങ്ങൾ നൽകിയ നിയമവിരുദ്ധമായ കാലാവധി നീട്ടിനൽകൽ റദ്ദാക്കിയ സുപ്രീം കോടതി വിധിയിൽ ഞങ്ങൾ സന്തോഷിക്കും. ഞങ്ങൾ വ്യാമോഹികളല്ല. കാരണം, നിങ്ങൾ മറ്റൊരു റാൻമൂളിയെ കണ്ടെത്തുമെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളിൽ മിക്കവരെയും നിങ്ങൾക്ക് തകർക്കാൻ കഴിയില്ലെന്നും ഞങ്ങൾക്കറിയാം.

ഞങ്ങളല്ല, നിങ്ങളും നിങ്ങളുടെ പാർട്ടിയുമാണ് വ്യാമോഹികൾ. പൊലീസ് ഭരണകൂടത സൃഷ്ടിച്ചും സ്ഥാപനങ്ങളെ അവിഹിതമായി സ്വാധീനിച്ചും വേട്ടയാടുമെന്ന ഭയം ഉളവാക്കിയും എക്കാലവും അധികാരത്തിൽ തുടരാനാകുമെന്ന് കരുതുന്നത് ആ വ്യാമോഹത്താലാണ്. അധികാരത്തിന്റെ ലഹരിയിൽ അഹങ്കാരത്തിലമർന്നുകഴിയുന്നവരുടെ ക്രൂരതയും നിർദയത്വവും കാലചക്രം തിരിയുമ്പോൾ തകർന്നടിഞ്ഞുപോവുമെന്ന് മറക്കുന്നവരാണ് ഏറ്റവും വലിയ വ്യാമോഹികൾ’- സാകേത് ഗോഖലെ ട്വിറ്ററിൽ കുറിച്ചു.

സഞ്ജയ് കുമാര്‍ മിശ്രക്ക് കാലാവധി രണ്ടാമതും നീട്ടിനല്‍കിയത് നിയമവിരുദ്ധമാണെന്ന് വിധിച്ചെങ്കിലും ഈ മാസം 31 വരെ സര്‍വീസില്‍ തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇ.ഡിക്ക് പുതിയ തലവനെ കണ്ടെത്തണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. 2018 നവംബറിൽ രണ്ടുവര്‍ഷത്തേക്ക് ഇ.ഡി. ഡയറക്ടറായി നിയമിക്കപ്പെട്ട മിശ്രയെ 2020 മേയില്‍ 60 വയസ്സായതിനെത്തുടര്‍ന്ന് വിരമിക്കേണ്ടിയിരുന്നു. എന്നാല്‍, മിശ്രയുടെ കാലാവധി രണ്ടില്‍നിന്ന് മൂന്നുവര്‍ഷമാക്കി രാഷ്ട്രപതി ദീര്‍ഘിപ്പിച്ചതായി വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ 2020 നവംബര്‍ 13ന് ഉത്തരവിറക്കി. ഇതിനെതിരെ സന്നദ്ധസംഘടനയായ കോമണ്‍ കോസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കാലാവധി നീട്ടിയ നടപടി 2021 സെപ്റ്റംബറില്‍ സുപ്രീംകോടതി ശരിവെച്ചെങ്കിലും വീണ്ടും നീട്ടിനല്‍കരുതെന്ന് അന്നേ നിർദേശിച്ചിരുന്നു.

എന്നാല്‍, കേന്ദ്ര വിജിലന്‍സ് കമീഷന്‍ നിയമം ഭേദഗതിചെയ്യാന്‍ ഓര്‍ഡിനന്‍സിറക്കിയ കേന്ദ്രസര്‍ക്കാര്‍, ഇ.ഡി. ഡയറക്ടറുടെ കാലാവധി അഞ്ചുവര്‍ഷംവരെയാക്കി. പ്രത്യേക വൈദഗ്ധ്യം ആവശ്യമായ ജോലിയായതിനാല്‍ ഇ.ഡി.യെ നയിക്കുന്നവര്‍ക്ക് രണ്ടുമുതല്‍ അഞ്ചുവര്‍ഷംവരെ കാലാവധി ആവശ്യമാണെന്നായിരുന്നു കേന്ദ്രത്തിന്റെ ന്യായം. തുടർന്ന് 2022 നവംബര്‍ 17ന് മിശ്രക്ക് ഒരു വര്‍ഷംകൂടി കാലാവധി നീട്ടി നൽകുകയായിരുന്നു.

Tags:    
News Summary - Amit Shah..delusional are you and your party -Saket Gokhale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.