ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മുകശ്മീർ സന്ദർശിച്ചേക്കും. പാർലമെൻറ് സമ്മേളനത്തിന് ശേഷമായിരിക്കും കശ്മീരിലേക്ക് എത്തുക എന്നതാണ് സൂചന. ആദ്യം ജമ്മുവിലെത്തുന്ന അമിത് ഷാ പിന്നീട് കശ്മീരിലേക്ക് പോകും. കശ്മീരിൽ ഭീകരാക്രമണ ഭീഷണി നില നിൽക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ സന്ദർശനം.
അമർനാഥ് തീർഥാടന പാതയിൽ പാക്നിർമിത കുഴിബോംബുകളും മറ്റു സ്ഫോടക വസ്തുക്കളും കണ്ടെത്തിയെന്ന വിവരം കൈമാറി, കശ്മീർ താഴ്വരയിൽനിന്ന് സഞ്ചാരികളോട് സ്ഥലം വിടാൻ ആവശ്യപ്പെടുകയും അമർനാഥ് യാത്ര നിർത്തിവെച്ച് തീർഥാടകരെ പാതിവഴിയിൽ മടക്കിയയക്കുകയുമാണ് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ചെയ്തത്. ഇതിന് പിന്നാലെയാണ് ഷായുടെ സന്ദർശനം സംബന്ധിച്ച വാർത്തകൾ പുറത്ത് വരുന്നത്.
ജമ്മുകശ്മീരിൽ ഭീകരാക്രമണ ഭീഷണിയെ തുടർന്ന് 35,000 ത്തോളം വരുന്ന അർധസേനയെക്കൂടി കേന്ദ്രം വിന്യസിച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള ഉൗഹാപോഹങ്ങൾ കൂടിയായതോടെ കശ്മീർ ജനത വലിയ ഭീതിയിലായിരുന്നു. 25,000ത്തോളം വരുന്ന സഞ്ചാരികൾ വിമാനത്താവളത്തിൽ മടങ്ങാൻ തിരക്കുകൂടി തടിച്ചുകൂടി. അടുത്ത ദിവസങ്ങളിലെ സ്ഥിതി എന്തായിരിക്കുമെന്ന് അറിയാതെ പാൽ മുതൽ പെട്രോൾ വരെ വാങ്ങാനുള്ള പരക്കംപാച്ചിൽ മറുവശത്ത്്. ഇതിനെല്ലാമിടയിൽ, അതിർത്തിയിൽ പാക് പ്രകോപനമുണ്ടെന്ന് സൈന്യം വിശദീകരിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.