ഹൈദരാബാദ്: മന്ത്രവാദത്തിെൻറ ഭാഗമായി മുതിർന്ന രണ്ടു പെൺമക്കളെ മാതാപിതാക്കൾ ഡംബെൽകൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തി. വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് അർധരാത്രിവരെ സമയം അനുവദിച്ചാൽ മക്കളെ പുനരുജ്ജീവിപ്പിക്കാമെന്നും അവകാശവാദം. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഗവൺമെൻറ് വനിത കോളജിലെ വൈസ് പ്രിൻസിപ്പലായ വെള്ളരു പുരുഷോത്തമും ഭാര്യ പത്മജയുമാണ് പ്രതികൾ. മക്കളായ അലെഖ്യ (27), സായി ദിവ്യ (23) എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ചിറ്റൂരിൽ ഇവരുടെ മൂന്നുനില വീട്ടിൽ വെച്ചാണ് സംഭവം.
ഏതാനും ദിവസങ്ങളായി ഇവർ മന്ത്രവാദം നടത്തിവരുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ലോക്ഡൗണിന് ശേഷം ഇവർ ആരേയും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. വിദ്യാസമ്പന്നരായ മക്കളെ നിർബന്ധിച്ചാണ് മന്ത്രവാദത്തിൽ പങ്കെടുപ്പിച്ചത്. ചടങ്ങ് പുരോഗമിക്കവെ ജിംനേഷ്യത്തിൽ ഉപയോഗിക്കുന്ന ഡംബെൽ ഉപയോഗിച്ച് ഇവർ മക്കളുടെ തലക്കടിക്കുകയായിരുന്നു.
തുടർന്ന് പുരുഷോത്തംതന്നെയാണ് സുഹൃത്തിനെ ഫോണിലൂടെ കാര്യങ്ങൾ അറിയിച്ചത്. ഇയാൾ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ വീട്ടിലെത്തിയ പൊലീസ് കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങളാണ്. രക്തം വാർന്നായിരുന്നു രണ്ടു പേരുടെയും മരണം. വീട്ടിലെത്തിയ തങ്ങളോട് അർധരാത്രി വരെ സമയം നൽകിയാൽ മക്കളെ മന്ത്രവാദം ഉപയോഗിച്ച് പുനരുജ്ജീവിപ്പിക്കാമെന്നും മാതാപിതാക്കൾ പറഞ്ഞതായി ചിറ്റൂർ പൊലീസ് ഓഫിസർ എം. ചിദാനന്ദ റെഡ്ഡി പറഞ്ഞു. മാതാപിതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.