കൊൽക്കത്ത: തെരഞ്ഞെടുപ്പിന് മുമ്പ് മമത ബാനർജിയുടെ തൃണമൂൽ േകാൺഗ്രസിന് ഒരു എം.എൽ.എയെ കൂടി നഷ്ടമായി. ഡയമണ്ട് ഹാർബർ മണ്ഡലത്തെ രണ്ടു തവണ പ്രതിനിധീകരിച്ച ദീപക് ഹൽദാറാണ് പാർട്ടി വിട്ടത്. സ്വന്തം ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പാർട്ടി നേതൃത്വത്തിനെതിരെ ആരോപണം ഉയർത്തിയാണ് എം.എൽ.എയുടെ പുറത്തുപോക്ക്. ഇതോടെ ഇദ്ദേഹം ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന ഊഹം ശക്തമായി. പാർഗനാസ് ജില്ലയിെല ബാരൂയ്പുരിൽ ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന പരിപാടിയിൽ ഇദ്ദേഹം ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണ് വിവരം.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ തൃണമൂലിലെ നിരവധി നേതാക്കൾ ബി.ജെ.പിയിലെത്തിയിരുന്നു.
എം.എൽ.എയായിരുന്ന രണ്ടുതവണയും കാര്യക്ഷമമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാത്തതിനാൽ വരും തെരഞ്ഞെടുപ്പിൽ ദീപകിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നില്ലെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. വരും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകില്ലെന്ന് അറിയാവുന്നവരാണ് പാർട്ടി വിട്ടതെന്ന് കഴിഞ്ഞദിവസം മമത ബാനർജി പറഞ്ഞിരുന്നു.
രണ്ടുമാസമായി നിരവധി എം.എൽ.എമാരാണ് തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയത്. പാർട്ടി നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചായിരുന്നു രാജിയെങ്കിലും ദിവസങ്ങൾക്കകം ബി.ജെ.പി പാളയത്തിലെത്തുകയായിരുന്നു.
ഇതുവരെ എം.എൽ.എമാരും മുൻ എം.എൽ.എമാരും മന്ത്രിമാരും അടക്കം 18 പേരാണ് തൃണമൂലിൽനിന്ന് ബി.ജെ.പിയിലെത്തിയത്. ശനിയാഴ്ച അഞ്ച് തൃണമൂൽ നേതാക്കൾ ഡൽഹയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നു. ഏപ്രിൽ-മേയ് മാസങ്ങളിലാകും ബംഗാൾ തെരഞ്ഞെടുപ്പ്. ഇതിനുമുമ്പ് പരമാവധി തൃണമൂൽ നേതാക്കളെ പാർട്ടിയിലെത്തിക്കാനാണ് ബി.ജെ.പി നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.