മുംബൈ: ചാനലുകളുടെ റേറ്റിങ് കൃത്രിമമായി പൊലിപ്പിക്കാൻ 'റിപ്പബ്ലിക് ടി.വി' എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി 12,000 അമേരിക്കൻ ഡോളറും 40 ലക്ഷം രൂപയും തന്നുവെന്ന് 'ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ' (ബാർക്) മുൻ മേധാവി പാർഥദാസ് ഗുപ്തയുടെ മൊഴി. ടി.ആർ.പി തട്ടിപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിലായിരിക്കെ ഡിസംബർ 27നാണ് രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിൽ മൊഴി നൽകിയത്. ഗുപ്തയടക്കം മൂന്നു പേർക്കെതിരെ ജനുവരി 11ന് കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ വിവാദ വാട്സ്ആപ് ചാറ്റുകൾക്കൊപ്പം തെളിവായി പൊലീസ് ഇതും നൽകിയിട്ടുണ്ട്.
2004 മുതൽ അർണബിനെ അറിയാം. 'ടൈംസ് നൗ' ചാനലിൽ ഒന്നിച്ചുണ്ടായിരുന്നു. 2013ലാണ് 'ബാർകി'ൽ ചേരുന്നത്. 'റിപ്പബ്ലിക് ടി.വി' തുടങ്ങുന്ന കാര്യം അർണബ് അറിയിക്കുകയും റേറ്റിങ് കൂട്ടാൻ സഹായം തേടുകയും ചെയ്തിരുന്നു. അദ്ദേഹം ഭാവിയിൽ തന്നെയും സഹായിക്കാമെന്നു പറഞ്ഞു. 2017നും 2019നുമിടയിൽ റിപ്പബ്ലിക് ടി.വിയെ ഒന്നാമതെത്തിച്ചു. പ്രതിഫലമായി 2017ൽ കുടുംബത്തോടൊപ്പമുള്ള ഫ്രാൻസ്, സ്വിറ്റ്സർലൻഡ് യാത്രക്ക് 6000 ഡോളർ അർണബ് നൽകി. മുംബൈ, ലോവർ പരേലിലെ സെൻറ് റെഗിസ് ഹോട്ടലിൽ തന്നെ നേരിൽ കണ്ടാണ് പണം തന്നത്.
2019ൽ ഇതേ ഹോട്ടലിൽവെച്ച് കുടുംബവുമായുള്ള സ്വീഡൻ, ഡെന്മാർക്ക് യാത്രക്ക് 6000 ഡോളറും തന്നു. 2017ൽ പരേലിലെ െഎ.ടി.സി ഹോട്ടലിൽവെച്ച് 20 ലക്ഷം രൂപയും 2018ലും 2019ലും 10 ലക്ഷം രൂപ വീതവും അർണബ് തന്നു -പാർഥദാസ് ഗുപ്തയുടെ മൊഴിയിൽ പറയുന്നു. ഗുപ്തയുടെ അഭിഭാഷകൻ അർജുൻ സിങ് മൊഴി നിഷേധിച്ചു. സമ്മർദം ചെലുത്തി പറയിപ്പിച്ചതാണെന്നും കോടതിയിൽ തെളിവായി പരിഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുപ്തക്കൊപ്പം 'ബാർക്' മുൻ സി.ഒ.ഒ റോമിൽ രാംഗറിയ, 'റിപ്പബ്ലിക് ടി.വി' സി.ഇ.ഒ വികാസ് ഖഞ്ചന്താനി എന്നിവർക്കെതിരെയാണ് അനുബന്ധ കുറ്റപത്രം.
ആദ്യം 12 പേർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 'ടൈംസ് നൗ', 'ആജ് തക്' അടക്കമുള്ള ചാനലുകളുടെ റേറ്റിങ്ങും 'ബാർകി'ലെ ഉന്നതർ പൊലിപ്പിച്ചതായി പറയുന്ന ഫോറൻസിക് റിപ്പോർട്ടും പൊലീസ് തെളിവായി നൽകിയിട്ടുണ്ട്. ഇടക്ക് 'ടൈംസ് നൗ' ചാനൽ റേറ്റിങ് പിടിച്ചുവെച്ച് റിപ്പബ്ലിക് ടി.വിയെ മുന്നിലെത്തിച്ചെന്നും പറയുന്നു. 'ബാർക്' ഉന്നതരും ചാനലുകളുടെ എക്സിക്യൂട്ടിവുകളും തമ്മിലുള്ള ഇ-മെയിലുകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.