കുന്തി: യാതൊരു പ്രശ്നങ്ങൾക്കും വഴിവെക്കാതെ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝാർഖണ്ഡിൽ ബി.ജെ.പി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർട്ടിക്ൾ 370 നമ്മൾ ഇല്ലാതാക്കി. സംസ്ഥാനത്തെ സ്ഥിതിഗതികൾ താറുമാറാക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും പുതിയ പ്രശ്നങ്ങളൊന്നും ഉണ്ടാവാതിരിക്കാൻ നമുക്ക് സാധിച്ചു. ജമ്മു കശ്മീരിന്‍റെ വളർച്ചയെ സഹായിക്കാൻ ഝാർഖണ്ഡിലെ ജനങ്ങൾക്ക് സാധിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി.
അയോധ്യ പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ സാധിച്ചത് എങ്ങനെയെന്ന് ജനങ്ങൾ കണ്ടില്ലേ. 14 വർഷത്തെ വനവാസത്തിന് ശേഷം മര്യാദ പുരുഷോത്തമനായാണ് രാമൻ അയോധ്യയിൽ മടങ്ങിയെത്തിയത്. ആദിവാസികൾക്കൊപ്പം കഴിഞ്ഞത് കൊണ്ടാണ് അദ്ദേഹത്തിന് മാറ്റം വന്നത്. അയോധ്യയിൽ നിന്ന് രാജകുമാരനായി വനവാസത്തിന് പോയ രാമൻ, മര്യാദ പുരുഷോത്തമനായാണ് മടങ്ങിയതെന്നും മോദി ചൂണ്ടിക്കാട്ടി.
ഝാർഖണ്ഡ് വികസിച്ച് വരുന്ന സംസ്ഥാനമാണ്. മക്കളുടെ വളർച്ചയിൽ രക്ഷിതാക്കൾ ഒപ്പമുള്ളത് പോലെ ഝാർഖണ്ഡിനൊപ്പം കേന്ദ്രസർക്കാർ ഉണ്ടാവും. സംസ്ഥാനത്തെ കർഷകർക്ക് വരുമാനം അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് വരുന്ന സംവിധാനം ഉറപ്പാക്കും.
ബി.ജെ.പി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ കർഷകരുടെ അവസ്ഥ നോക്കുക. കോൺഗ്രസും അവരുടെ സഖ്യകക്ഷികളും കർഷകരെ കബളിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.