ഗുവാഹതി: പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അസമിലെ മാധ്യമപ്രവർത്തകനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. 2019 ഡിസംബറിൽ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭ കേസിലാണ് മിറർ ഓഫ് അസം റിപ്പോർട്ടർ മനാഷ് ജ്യോതി ബറുവയോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
അഡീഷണൽ പൊലീസ് സൂപ്രണ്ടാണെന്ന് പരിചയപ്പെടുത്തിയ ഡി.ആർ. സിങ്ങാണ് മനാഷിനെ വിളിച്ചത്. ഗുവാഹത്തിയിൽ രജിസ്റ്റർ ചെയ്ത എൻ.ഐ.എ കേസിനെക്കുറിച്ച് വിവരങ്ങൾ ആരായാൻ സോനാപൂരിലെ അവരുടെ ഓഫിസിൽ എത്തണമെന്ന് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഉച്ച 12 മണിക്ക് റിപ്പോർട്ട് ചെയ്യാൻ പറഞ്ഞതായി മനാഷ് ‘ദി ഹിന്ദു’വിനോട് പറഞ്ഞു.
പൊലീസ് പറഞ്ഞ കേസ് നമ്പർ പരിശോധിച്ചപ്പോൾ 2019ൽ സി.എ.എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസാണിതെന്ന് മനസ്സിലായതായി അദ്ദേഹം പറഞ്ഞു. ഏതാനും പേർ കൊല്ലപ്പെട്ട പ്രക്ഷോഭത്തിൽ കർഷക നേതാവ് അഖിൽ ഗോഗോയിയെ അറസ്റ്റുചെയ്തിരുന്നു.
ഈ കേസിൽ വിവരാവകാശ പ്രവർത്തകനും ഭബെൻ ഹാന്ദികിനെയും എൻ.ഐ.എ സോനാപൂരിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. അഖിൽ ഗോഗോയിയുടെ കൃഷക് മുക്തി സംഗ്രാം സമിതി അംഗമായിരുന്ന ഇദ്ദേഹം ഏതാനും വർഷം മുമ്പ് സംഘടന വിട്ടിരുന്നു. തുടർന്ന് സ്വരാജ് അസം കൺവീനറായി പ്രവൃത്തിക്കുകയാണ്.
കോളജ് കാലം മുതൽ അഖിലുമായുള്ള ബന്ധത്തെക്കുറിച്ചും കൃഷക് മുക്തി വിടാനുള്ള കാരണത്തെക്കുറിച്ചും ചോദിച്ചതായി ഹാന്ദിക് പറഞ്ഞു. അഖിലിെൻറ മാവോയിസ്റ്റ് ബന്ധങ്ങളെക്കുറിച്ചും എൻ.ഐ.എ ചോദിച്ചു. മൂന്നുമണിക്കൂറോളമാണ് ഹാന്ദിക്കിനെ ചോദ്യംചെയ്യലിന് വിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.