മുംബൈ: മുതിർന്ന എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിയുടെ കൊലപാതകത്തിനു പിന്നാലെ നടൻ സൽമാൻ ഖാന്‍റെ പൊലീസ് സുരക്ഷ വർധിപ്പിച്ചു. സൽമാന്‍റെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചത്.
വെടിയേറ്റ് കൊല്ലപ്പെട്ട സിദ്ദിഖി സൽമാൻ ഖാനുമായി അടുത്ത ബന്ധമുള്ള ആളായതിനാലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. കൊടും കുറ്റവാളിയായ ലോറൻസ് ബിഷ്‌ണോയി നേരത്തെ തന്നെ സൽമാനുനേരെ വധ ഭീഷണി ഉയർത്തിയിരുന്നു.
ബിഷ്‌ണോയി വിഭാഗക്കാർ പവിത്രമെന്നു കരുതുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തെ തുടർന്നാണ് അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയും സംഘവും സൽമാൻ ഖാനെതിരെ തിരിഞ്ഞത്. കഴിഞ്ഞ ഏപ്രിലിൽ സൽമാൻ ഖാന്റെ വീടിനുനേരെ വെടിവെപ്പുണ്ടായിരുന്നു. വെടിവെപ്പിനു പിന്നിൽ ലോറൻസ് ബിഷ്ണോയും സംഘവുമാണെന്നാണ് വിവരം.
നിലവിൽ ലോറൻസ് ബിഷ്‌ണോയി സബർമതി സെൻട്രൽ ജയിലിലാണ്. തന്നെയും കുടുംബത്തെയും ആക്രമിക്കാൻ ലോറൻസ് ബിഷ്‌ണോയി പദ്ധതിയിടുന്നതായും തനിക്ക് വധ ഭീഷണിയുള്ളതായും സൽമാൻ ഖാൻ നേരത്തെ പൊലീസിന് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.