ഹൈദരാബാദ്: അമിതവേഗത്തിലെത്തിയ ആഢംബര കാർ ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുറ്റമേറ്റെടുക്കാൻ കാറുടമയുടെ ഡ്രൈവർ എത്തിയെങ്കിലും യഥാർഥ പ്രതിയെ പൊലീസ് പൊക്കുകയും ചെയ്തു. ഹൈദരാബാദിൽ ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. കനത്ത മഴയിൽ അതിവേഗതയിലെത്തിയ ഓഡി കാർ ഒരു ഓട്ടോയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പല തവണ മലക്കംമറിഞ്ഞ ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ബേഗംപേട്ട് സ്വദേശി ഉമേഷ് കുമാർ (37) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവർ ശ്രീനു പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രിസം പബിലെ തൊഴിലാളിയായ ഉമേഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
മഥപുർ ഏരിയയിൽ ഇനോർബിറ്റ് മാളിന് സമീപത്താണ് അപടകടമുണ്ടായത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സൈബരാബാദ് ട്രാഫിക് പൊലീസ് ചൊവ്വാഴ്ച പുറത്തുവിട്ടു. സിവിൽ എൻജിനീയറിങ് വിദ്യാർഥിയായ സുജിത്ത് റെഡ്ഡിയാണ് (24) കാറോടിച്ചിരുന്നത്. എച്ച്.സി.എല്ലിൽ ജീവനക്കാരനായ സുഹൃത്ത് ആശിഷും കാറിൽ ഉണ്ടായിരുന്നു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കാറിന്‍റെ ഉടമയും സുജിത്തിന്‍റെ പിതാവുമായ രഘുനന്ദൻ റെഡ്ഡിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം സുജിത്തിനെയും ആശിഷിനെയും രഘുനന്ദൻ ഡിഡി കോളനിയിലെ ഒരു ഫ്ലാറ്റിൽ ഒളിപ്പിച്ചിരുന്നു.
Reckless speed and drunk driving of an Audi car kills a passenger (an employee of Prism Pub !! ) in the auto yesterday early morning near Inorbit Mall.
— CYBERABAD TRAFFIC POLICE సైబరాబాద్ ట్రాఫిక్ పోలీస్ (@CYBTRAFFIC) June 29, 2021
A case of culpable homicide not amounting to murder has been booked against the Audi driver and his associates.#RoadSafety pic.twitter.com/vhJfsiL9cS
തന്‍റെ ഡ്രൈവർ പ്രഭാകർ ആണ് കാറോടിച്ചതെന്ന് പറഞ്ഞ് അയാളെ ഹാജരാക്കുകയും ചെയ്തു. 55 വയസ്സുള്ള പ്രഭാകർ കുറ്റമേൽക്കുകയും ചെയ്തു. എന്നാൽ, അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാറോടിച്ചിരുന്നത് ഒരു ചെറുപ്പക്കാരനാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഈ നീക്കം പൊളിച്ചു. അപകടം നടന്ന ശേഷം 100 മീറ്റർ അകലെ മാറ്റി നിർത്തിയ കാറിൽ നിന്ന് ഇവർ നമ്പർ പ്ലേറ്റ് എടുത്തുമാറ്റുന്നതും തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു. സുജിത്തിനെയും ആശിഷിനെയും ചോദ്യം ചെയ്തപ്പോൾ ഇവർ ഒരു പാർട്ടിയിൽ പങ്കെടുത്തശേഷം വരികയായിരുന്നെന്നും ഇരുവരും മദ്യപിച്ചിരുന്നെന്നും കണ്ടെത്തിയെന്നും കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ രവീന്ദർ പ്രസാദ് പറഞ്ഞു.
അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. നാലുമാസം മുമ്പ് മാത്രമാണ് താൻ ഓട്ടോ വാങ്ങിയതെന്നും മൂന്ന് പെൺമക്കളുള്ള തന്‍റെ ജീവിതമാർഗമാണ് ഇല്ലാതായതെന്നും ഓട്ടോ ഡ്രൈവർ ശ്രീനു പറഞ്ഞു. കഴിഞ്ഞയാഴ്ച ഹൈദരാബാദ് ഓൾഡ് സിറ്റിയിൽ ഒരു മേഴ്സിഡസ് എസ്യുവി വഴിയാത്രക്കാരിയെയും ഓട്ടോയിലും ഇടിച്ച് ഒരു സ്ത്രീ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള കാറിന്‍റെ ഉടമ കുടുംബസമേതം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസിന്‍റെ വലയിൽ കുടുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.