ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ അമ്മയുടെ സമീപം ഉറങ്ങിക്കിടന്ന ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ച് കൊന്നു. സിരോഹി ജില്ലയിലെ ആശുപത്രിയിലാണ് നടുക്കുന്ന സംഭവം. തിങ്കളാഴ്ച രാത്രി ടി.ബി വാർഡിനുള്ളിൽ കയറിയ നായ കുഞ്ഞിനെ കടിച്ച് കൊണ്ടുപോവുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
പൊലീസും ആശുപത്രി അധികൃതരും കുഞ്ഞിന്‍റെ അമ്മയുടെ ഒപ്പ് വെള്ള കടലാസിൽ വാങ്ങി ആരെയും അറിയിക്കാതെ കുഞ്ഞിന്‍റെ അന്ത്യകർമങ്ങൾ നടത്തിയതായും പിതാവ് മീണ ആരോപിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞിന്‍റെ പിതാവ് മീണ. ഇയാളെ പരിചരിക്കുന്നതിനായി കുഞ്ഞിന്‍റെ അമ്മ രേഖ മൂന്ന് കുട്ടികളോടപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി രേഖയുടെ അടുത്തുറങ്ങിക്കിടന്ന കുഞ്ഞിനെ ടി.ബി വാർഡിനുള്ളിൽ കയറിയ നായ കടിച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവ സമയത്ത് വാർഡിൽ ജീവനക്കാർ ഉണ്ടായിരുന്നില്ല.
ആശുപത്രി വാർഡിന് പുറത്താണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. രണ്ടുനായ്ക്കൾ ടി.ബി വാർഡിനുള്ളിലേക്ക് കയറുന്നതും ഒരുനായ കുഞ്ഞിനെ കടിച്ചെടുത്ത് പുറത്തേക്ക് വരുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തിനുപിന്നാലെ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി രംഗത്തെത്തി. ജോലിയിൽ അനാസ്ഥ കാണിച്ച ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.