ന്യൂഡൽഹി: വിവാദങ്ങളുടെ തോഴിയാണ് ബോളിവുഡ് നടിയായ കങ്കണ റണാവത്ത്. സംഘപരിവാർ അനുകൂല നിലപാടെടുക്കുന്ന കങ്കണ വിവിധ വിഷയങ്ങളിൽ ചെയ്യുന്ന ട്വീറ്റുകൾ വലിയ ഒച്ചപ്പാടുകൾക്ക് വഴിവെക്കാറുണ്ട്. ഇന്ത്യയുടെ ജനസംഖ്യ വർധനവിനെയും മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും കുറിച്ചുള്ള കങ്കണയുടെ പുതിയ ട്വീറ്റും വിവാദമായിരിക്കുകയാണ്.
'ജനസംഖ്യാ നിയന്ത്രണത്തിന് കർശനമായ നിയമം ആവശ്യമാണ്. ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതും പിന്നീട് കൊല്ലപ്പെട്ടതും ആളുകളെ നിർബന്ധിച്ച് വന്ധ്യംകരിച്ചത് കൊണ്ടാണ്. എന്നാൽ ഇന്നത്തെ പ്രതിസന്ധി പരിഗണിക്കുേമ്പാൾ മൂന്നാമത്തെ കുട്ടിയുള്ളവർക്ക് പിഴയോ തടവോ ഉണ്ടായിരിക്കണം' -കങ്കണ ട്വീറ്റ് ചെയ്തു.
'അമേരിക്കയിൽ 32 കോടി ജനങ്ങളുണ്ട്. എന്നാൽ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമിയും വിഭവങ്ങളും അവർക്ക് മൂന്നിരട്ടിയാണ്. ചൈനക്ക് ഇന്ത്യയേക്കാൾ ജനസംഖ്യയുണ്ടാകാം. എന്നാൽ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്നം വളരെ രൂക്ഷമാണ്. ഇന്ദിര ഗാന്ധി ദശലക്ഷക്കണക്കിന് ആളുകളെ വന്ധ്യംകരിച്ചെങ്കിലും അവർ കൊല്ലപ്പെട്ടു. രാജ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്ന് എനിക്ക് പറഞ്ഞു തരൂ?' -അതിന് മുമ്പ് പങ്കുവെച്ച ട്വീറ്റിൽ കങ്കണ എഴുതി.
'ജനസംഖ്യ വർധനവ് കാരണമാണ് രാജ്യത്തെ ജനങ്ങൾ മരിക്കുന്നത്. കണക്കുകൾ പ്രകാരമുള്ള 130 കോടിക്ക് പുറമെ മൂന്നാം ലോക രാജ്യത്ത് 25 കോടി അനധികൃത കുടിയേറ്റക്കാരുമുണ്ട്. കോറോണ വൈറസിനെതിരെ പൊരുതാൻ നമുക്ക് മികച്ച നേതൃത്വവും വാക്സിനേഷൻ യജ്ഞവുമുണ്ട്. എന്നാൽ നമുക്കും ഉത്തരവാദിത്തമില്ലേ ' -അവർ മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
പുതുതായി ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ദിര ഗാന്ധിയുടെ വേഷം അഭിനയിക്കാൻ പോകുകയാണെന്ന് അടുത്തിടെ കങ്കണ സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു.
ഇന്ദിര ഗാന്ധിയുടെ ജീവിത കഥയല്ലെന്നും വിശാലമായൊരു പീരിയഡ് സിനിമയായിരിക്കും ഇതെന്നുമാണ് കങ്കണ പറഞ്ഞത്. കങ്കണയുടെ റിവോള്‍വര്‍ റാണി ഒരുക്കിയ സായ് കബീറായിരിക്കും ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ജീവിത കഥ പറയുന്ന 'തലൈവി'യിലാണ് കങ്കണയുടേതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രം. മൂന്ന് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം എ.എൽ. വിജയ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അരവിന്ദ് സ്വാമി, നാസർ, ഭാഗ്യശ്രീ എന്നിവരാണ് മറ്റ് താരങ്ങൾ. കോവിഡ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ റിലീസ് നീണ്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.