മൈസൂരു: കർണാടകയിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്രയിൽനിന്നുള്ള രാഹുലിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഏറെ പ്രചരിക്കുന്നത്. കനത്ത മഴയെ അവഗണിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന രാഹുൽ ഗാന്ധിയാണ് ദൃശ്യങ്ങളിൽ.
മൈസൂരുവിൽനിന്നുള്ള ദൃശ്യങ്ങൾ രാഹുൽ തന്നെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ, ജയ്റാം രമേശ് അടക്കം പല കോൺഗ്രസ് നേതാക്കളും വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയെ ഒന്നിപ്പിക്കുന്ന ഞങ്ങളെ തടയാൻ ആർക്കും കഴിയില്ല. ഇന്ത്യയുടെ ശബ്ദം ഉയർത്തുന്ന ഞങ്ങളെ തടയാൻ ആർക്കും കഴിയില്ല. കന്യാകുമാരി മുതൽ കാശ്മീർ വരെ പോകുമെന്നും ഭാരത് ജോഡോ ആർക്കും തടയാനാകില്ലെന്നും വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച് രാഹുൽ എഴുതി.
അതേസമയം, ഭാരത് ജോഡോ യാത്രയിൽ എ.ഐ.സി.സി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തേക്കും. എന്നാൽ, ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പാർട്ടി നൽകിയിട്ടില്ല. തിങ്കളാഴ്ച ഉച്ചയോടെ പ്രത്യക വിമാനത്തിൽ സോണിയ മൈസൂരിലെത്തും. യാത്രയിൽ ഏതാനും മണിക്കൂറുകൾ സോണിയ പങ്കെടുക്കുമെന്നും ശേഷം കുടകിലേക്ക് പോകുമെന്നും കുറച്ചു ദിവസം അവിടെ ചെലവഴിക്കുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.