ചാമരാജനഗരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കർണാടക പര്യടനത്തിന് തുടക്കമായി. വ്യാഴാഴ്ച കേരള പര്യടനം പൂർത്തിയാക്കിയ യാത്രക്ക് ഗുണ്ടുൽപേട്ടിലെ ചാമരാജനഗരത്തിൽ കർണാടക പി.സി.സി വരവേൽപ്പ് നൽകി.
ജാഥയിൽ ഉപയോഗിക്കുന്ന ത്രിവർണ പതാക പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ രാഹുൽ ഗാന്ധിയിൽ നിന്ന് ഏറ്റുവാങ്ങി. തുടർന്ന് നടന്ന യോഗത്തിൽ രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രാവിലെ ഒമ്പരക്ക് ഊട്ടി-കോഴിക്കോട് ജങ്ഷനിൽ നിന്ന് ഭാരത് ജോഡോ യാത്ര കർണാടക പര്യടനം ആരംഭിച്ചു.
രാജ്യം എല്ലാ മേഖലയിലും വലിയ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പദയാത്ര നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവർണ പതാക രാഹുൽ ഗാന്ധിക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൈമാറി.
100 സ്ഥിരാംഗങ്ങള്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 150 ദിവസങ്ങളായി 12 സംസ്ഥാനങ്ങളിലൂടെ 3570 കിലോമീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേരും. മൂന്നൂറ് സ്ഥിരാംഗങ്ങളാണ് യാത്രയെ അനുഗമിക്കുന്നത്. സെപ്റ്റംബർ 11നാണ് കേരളത്തിൽ പ്രവേശിച്ചത്. ഏഴു ജില്ലകളിലായി 18 ദിവസത്തിനിടെ നാനൂറോളം കിലോമീറ്ററാണ് രാഹുൽ ഗാന്ധിയും സംഘവും നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.