പട്ന: നീറ്റ് പരീക്ഷയുടെ യഥാർഥ ചോദ്യക്കടലാസും പട്നയിലെ ഒരു ഫ്ലാറ്റിൽ നിന്ന് ലഭിച്ച ചോർന്ന ചോദ്യക്കടലാസും ഒത്തുനോക്കാനൊരുങ്ങി ബിഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. അറസ്റ്റിലായ പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള സാധ്യതകളും അന്വേഷണ സംഘം പരിശോധിക്കുന്നു.
അറസ്റ്റിലായ ചില പ്രതികൾ പരസ്പര വിരുദ്ധമായ മൊഴികൾ നൽകുകയും മൊഴി മാറ്റുകയും ചെയ്യുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്നാണ് നുണപരിശോധന സാധ്യത തേടുന്നത്. ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നടന്നോയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷിക്കും.
കേസന്വേഷണത്തിന്റെ ഭാഗമായി പരീക്ഷ നടത്തിപ്പുകാരായ നാഷനൽ ടെസ്റ്റിങ് ഏജൻസിയോട് (എൻ.ടി.എ) യഥാർഥ ചോദ്യക്കടലാസുകൾ നൽകാൻ ബിഹാർ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിച്ചതായും പട്നയിലെ ഒരു ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്ത ഭാഗികമായി കത്തിപ്പോയ ചോദ്യക്കടലാസുമായി ഒത്തുനോക്കുമെന്നും പൊലീസ് അറിയിച്ചു. രേഖകളുടെ ഫോറൻസിക് പരിശോധനയും നടത്തും.
കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി കേസെടുക്കുകയാണെങ്കിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി തുടങ്ങും. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിന്റെ ഭാഗമായി ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരുമായി സംഘം ചർച്ച നടത്തും. പരീക്ഷയിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്നും പേപ്പർ ചോർന്നെന്ന് തോന്നുന്നതായും ബിഹാർ മുൻ ഡി.ജി.പി അഭയാനന്ദ് വാർത്ത ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.