ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 25ന് ഉത്തർപ്രദേശിൽ തറക്കല്ലിട്ടു. യു.പിയിലെ ജേവറിലാണ് അന്തരാഷ്ട്ര വിമാനത്താവളം ഉയരുക. 2024ഓടെ വിമാനത്താവളത്തിന്‍റെ ആദ്യ ഘട്ടം പൂർത്തിയാക്കുമെന്നാണ് കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വാദം. യു.പിയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമെന്നതിന് പുറമെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമെന്നാണ് ബി.ജെ.പിയുടെ വാദം.
എന്നാൽ, മോദി വിമാനത്താവളത്തിന് തറക്കല്ലിട്ടതിന് പിന്നാലെ നോയിഡ വിമാനത്താവള മാതൃകയെന്ന പേരിൽ ഒരു ചിത്രവും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. ബി.ജെ.പി നേതാക്കളടക്കം പങ്കുവെച്ച ചിത്രം ചൈനീസ് വിമാനത്താവളത്തിേന്റതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ചൈനയിലെ ബെയ്ജിങ് ഡാക്സിങ് വിമാനത്താവളത്തിേന്റതാണ് ചിത്രം. 2019ൽ 'ദി ഗാർഡിയൻ' പങ്കുവെച്ച ബെയ്ജിങ് വിമാനത്താവളത്തിന്‍റെ ചിത്രത്തിന് സമാനമാണ് ഇപ്പോൾ നോയിഡയുടേതെന്ന പേരിൽ പ്രചരിക്കുന്ന ചിത്രം. 2019 സെപ്റ്റംബറിലാണ് ഈ വിമാനത്താവളം തുറന്നത്.
അതേസമയം, നോയിഡ വിമാനത്താവളമെന്ന പേരിൽ ചൈനീസ് വിമാനത്താവളത്തിന്‍റെ ചിത്രം ഉപയോഗിച്ചതിനെതിരെ വിമർശനവുമായി ചൈനീസ് സർക്കാർ മീഡിയയായ ഗ്ലോബൽ ടെലിവിഷൻ നെറ്റ്വർക്കിലെ മാധ്യമപ്രവർത്തകർ രംഗത്തെത്തി.
നേരത്തേ, നോയിഡ വിമാനത്താവളത്തിേന്റതെന്ന പേരിൽ ഉത്തരകൊറിയയിലെ ഇഞ്ചിയോൻ വിമാനത്താവളത്തിന്‍റെ ചിത്രം ബി.ജെ.പി നേതാക്കൾ പങ്കുവെച്ചതിനെ തുടർന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബെയ്ജിങ് വിമാനത്താവളത്തിന്‍റെ ചിത്രം ബി.ജെ.പി വൃത്തങ്ങൾ പങ്കുവെച്ചത്.
നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തെക്കുറിച്ച് ബി.ജെ.പി നേതാക്കളുടെയും കേന്ദ്ര മന്ത്രിമാരുടെയും ട്വീറ്റുകളുടെ കൊളാഷ് പങ്കുവെച്ചായിരുന്നു സി.ജി.ടി.എൻ ജീവനക്കാരനായ ഷെൻ ഷിവെയുടെ ട്വീറ്റ്.
'ഇന്ത്യന്‍ ഭരണകൂടം ചൈനയുടെ ബെയ്ജിങ് ഡാക്സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ചിത്രം സ്വന്തം 'അടിസ്ഥാന സൗകര്യവികസത്തിന്‍റെ' തെളിവായി ഉപയോഗിച്ചെന്ന് കണ്ടപ്പോൾ ഞെട്ടിപ്പോയി' എന്നായിരുന്നു ഷെന്നിന്‍റെ ട്വീറ്റ്.
കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂർ, പ്രഹ്ലാദ് സിങ് പേട്ടൽ, അർജുൻ രാം മേഘ്വാഹ, യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവരാണ് നോയിഡ വിമാനത്താവളത്തിേന്റതെന്ന പേരിൽ ചൈനീസ് വിമാനത്താവളത്തിന്‍റെ ചിത്രം പങ്കുവെച്ചത്.
'നോയിഡയിലെ ഏഷ്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളം 35,000 കോടിയുടെ നിക്ഷേപം കൊണ്ടുവരും. അതിനുപുറമെ ഒരുലക്ഷത്തിലധികം പേർക്ക് തൊഴിലും നൽകും' -താക്കൂർ പറഞ്ഞു.
അതേസമയം, വ്യാജ ചിത്രങ്ങൾ ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ പരിഹസിച്ച് രംഗത്തെത്തി. നിയമസഭ തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ശേഷിക്കേ യു.പിയിൽ ബി.ജെ.പി നേട്ടമായി ഉയർത്തിക്കാട്ടുന്ന പലതും വ്യാജമാണെന്നായിരുന്നു സമാജ്വാദി പാർട്ടിയുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.