മുംബൈ: മഹാരാഷ്ട്രയടക്കം 12 സംസ്ഥാനങ്ങൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു പുതിയ ഗവർണർമാരെ പ്രഖ്യാപിച്ചത്. രമേഷ് ബയ്സ് ആണ് മഹാരാഷ്രടയിൽ ഭഗത് സിങ് കോഷിയാരിക്ക് പകരക്കാരൻ. മറാത്ത വിരുദ്ധ പരാമർശം നടത്തി പുലിവാലു പിടിച്ച കോഷിയാരിയുടെ രാജി പ്രതിപക്ഷം സ്വാഗതം ചെയ്തിരിക്കുകയാണ്.
മറാത്ത വികാരം വ്രണപ്പടുത്തിയെന്ന് ആരോപണം നേരിട്ട കോഷിയാരിയുടെ രാജി പ്രതിപക്ഷം സ്വാഗതം ചെയ്തു. ഇത് വലിയ വിജയം എന്നാണ് ആദിത്യ താക്കറെയുടെ പ്രതികരണം. കഴിഞ്ഞ മാസമാണ് 80കാരനായ കോഷിയാരി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചത്. ശിഷ്ട ജീവിതം എഴുത്തും വായനയുമായി തള്ളിനീക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറയുകയുണ്ടായി.
മുതിർന്ന ആർ.എസ്.എസ് നേതാവായ കോഷിയാരി മുഖ്യമന്ത്രിയായും പാർലമെന്റിന്റെ ഇരു സഭകളിലും എം.പിയായും സേവനമനുഷ്ടിച്ചിരുന്നു. 2019ലാണ് കോഷിയാരിയെ മഹാരാഷ്ട്ര ഗവർണറായി നിയമിച്ചത്. അന്നത്തെ ഉദ്ധവ് താക്കറെ സർക്കാരുമായി യോജിച്ചു പോകുന്ന സമീപനമായിരുന്നില്ല കോഷിയാരിയുടെത്. നിരവധി വിഷയങ്ങളിൽ സർക്കാരും ഗവർണറും തമ്മിൽ തർക്കമുണ്ടായി.
കോവിഡ് കാലത്ത് ക്ഷേത്രങ്ങൾ തുറക്കുന്നത് സംബന്ധിച്ചും കോഷിയാരിയുടെ ഡെറാഡൂൺ സന്ദർശനത്തിന് സർക്കാർ വിമാനം നിരസിച്ചതും ഉള്‍പ്പെടെ നിരവധി തവണ സര്‍ക്കാര്‍ - ഗവര്‍ണര്‍ അഭിപ്രായ വ്യത്യാസമുണ്ടായി.
കഴിഞ്ഞ നവംബറിൽ ശിവജിയെ കുറിച്ചു നടത്തിയ പരാമർശം ഏറെ വിവാദമായി. ഛത്രപതി ശിവജി പഴയ കാലത്തെ പ്രതീകം ആണെന്നായിരുന്നു കോഷിയാരി പറഞ്ഞത്. തുടർന്ന് മറാത്തികളുടെ നേതാവിനെ ഗവർണർ അപമാനിച്ചെന്ന് ആരോപിച്ച് ഉദ്ധവ് പക്ഷം രംഗത്തുവന്നു.
ഗുജറാത്തികളും രാജസ്ഥാനികളും പോയാൽ മഹാരാഷ്ട്രയുടെ സമ്പത്ത് കാലിയാകുമെന്ന കോഷിയാരിയുടെ പരാമര്‍ശത്തിനെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. മറാത്താ വികാരം ഗവര്‍ണര്‍ വ്രണപ്പെടുത്തി എന്നായിരുന്നു ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.