40 കോടിയുടെ അഴിമതിക്കേസ്​: യെദിയൂരപ്പ​െയ ​വെറുതെവിട്ടു

ബംഗളൂരു: ഇരുമ്പയിര് ഖനന അഴിമതിക്കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ ബി.എസ്. യെദിയൂരപ്പ ഉള്‍പ്പെടെ മുഴുവന്‍ പേരെയും കോടതി കുറ്റമുക്തരാക്കി. യെദിയൂരപ്പയുടെ മക്കളായ ബി.വൈ. രാഘവേന്ദ്ര, ബി.വൈ. വിജയേന്ദ്ര, മരുമകന്‍ ആര്‍.എന്‍. സോഹന്‍, മുന്‍ മന്ത്രി കൃഷ്ണയ്യ ഷെട്ടി എന്നിവരടക്കം കേസില്‍ കുറ്റാരോപിതരായ 13 പേരെ ബംഗളൂരു സി.ബി.ഐ പ്രത്യേക കോടതിയാണ് കുറ്റമുക്തരാക്കിയത്. ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടെന്ന് ജഡ്ജി ആര്‍.ബി. ധര്‍മഗൗഡര്‍ പറഞ്ഞു.

അനധികൃതമായി ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതിലൂടെ യെദിയൂരപ്പയുടെ കുടുംബവും ഇവരുടെ ഉടമസ്ഥതയിലുള്ള പ്രേരണ ട്രസ്റ്റും 40 കോടിയുടെ നേട്ടമുണ്ടാക്കി എന്ന കേസിലാണ് വിധി. 2018ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനുള്ള യെദിയൂരപ്പയുടെ നീക്കങ്ങള്‍ക്ക് കോടതി ഉത്തരവ് കരുത്തുപകരും.

മുന്‍ ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് 2012 മേയ് 15ന് സി.ബി.ഐയുടെ അഴിമതിവിരുദ്ധ വിഭാഗം യെദിയൂരപ്പ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സൗത് വെസ്റ്റ് മൈനിങ് കമ്പനിക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നും കോഴവാങ്ങി ഇരുമ്പയിര് ഖനനത്തിന് ഒത്താശ ചെയ്തുകൊടുത്തുവെന്നുമാണ് കേസ്. സര്‍ക്കാര്‍ ഏറ്റെടുത്ത 1.12 ഏക്കര്‍ ഭൂമിയുടെ വിജ്ഞാപനം റദ്ദാക്കി മൈനിങ് കമ്പനിക്ക് വിറ്റതിലൂടെ യെദിയൂരപ്പയും കുടുംബവും 20 കോടിയുടെ സാമ്പത്തികനേട്ടമുണ്ടാക്കി. പ്രത്യുപകാരമായി കുടുംബത്തിന്‍െറ പേരിലുള്ള ട്രസ്റ്റിന് മൈനിങ് കമ്പനി 20 കോടി നല്‍കിയെന്നും 2015 ഒക്ടോബറില്‍ സി.ബി.ഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു.

2010ലാണ് കേസിനാസ്പദമായ ആരോപണം ഉയരുന്നത്. പിന്നാലെ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട യെദിയൂരപ്പ മൂന്നാഴ്ച ജയിലില്‍ കിടക്കുകയും പിന്നീട് ജാമ്യം നേടി പുറത്തിറങ്ങുകയുമായിരുന്നു. താന്‍ കുറ്റമുക്തനായതിലൂടെ നീതി നടപ്പായെന്ന് യെദിയൂരപ്പ പറഞ്ഞു. എന്‍െറ നിലപാട് ശരിയെന്ന് തെളിഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വീണ്ടും ഭരണത്തിലത്തെിക്കുന്നതിന് വിധി സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബംഗളൂരു നഗരത്തിലും സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനങ്ങള്‍ നടത്തി.

 

 

 

 

Tags:    
News Summary - BS Yeddyurappa, Others Acquitted in Rs 40 Crore Mining

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.