വംശീയാക്രമണത്തിന് തൊട്ടുപിറകെ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലിറങ്ങിയപ്പോൾ ദുരിതാശ്വാസത്തോടൊപ്പം നിയമസഹായം വാഗ്ദാനം ചെയ്തും പല സംഘടനകളും സജീവമായുണ്ടായിരുന്നു. കലാപ മേഖലകളിലും ഇരകൾക്കായൊരുക്കിയ മുസ്തഫാബാദ് ക്യാമ്പിലുമെല്ലാം തമ്പടിച്ച് പരാതികൾ ശേഖരിച്ച അവർ സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്തു.
എന്നാൽ, വർഷം ഒന്ന് തികയുേമ്പാൾ പതിനായിരങ്ങളും ലക്ഷങ്ങളും ചെലവിട്ടിട്ടും നീതി ലഭിക്കാനായി വിശ്വസിക്കാൻ കൊള്ളാവുന്ന അഭിഭാഷകരെ കിട്ടാതെ നെട്ടോട്ടമോടുകയാണ് നൂറുകണക്കിന് ഇരകൾ. സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്ത് മടങ്ങിയ പലരും പിന്നീട് തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല. വാഹനാപകട നഷ്ടപരിഹാര കേസുകളിൽ പലപ്പോഴും അഭിഭാഷകർ ചെയ്യാറുള്ളതുപോലെ ഏജൻറുമാരെ വെച്ച് വക്കാലത്ത് നാമ എഴുതി ഒപ്പിട്ട് വാങ്ങിയവരും ഒരുപാട്. വടക്കുകിഴക്കൻ ഡൽഹിയിലെ ആയിരക്കണക്കിന് ഇരകളിൽ ഭൂരിഭാഗവും അത്തരം ഏജൻറുമാർക്കാണ് വക്കാലത്ത് നൽകിയിരുന്നത്.
അതിനാൽ ആ കേസുകൾ അവരിൽനിന്ന് ഏറ്റെടുക്കാൻ കഴിയുമായിരുന്നില്ല. നിയമസഹായത്തിന് ആത്മാർഥമായി മുന്നോട്ടുവന്ന മത-സാമൂഹിക സംഘടനകൾക്കും മനുഷ്യാവകാശ കൂട്ടായ്മകൾക്കും ഇത് പ്രതിസന്ധി സൃഷ്ടിച്ചു. വിവിധ സംസ്ഥാനങ്ങളിൽ കലാപ ഇരകളുടെ നിയമയുദ്ധം കൃത്യമായി നടത്തിവരുന്ന ജംഇയ്യത്തുൽ ഉലമായെ ഹിന്ദിനെ പോലുള്ള സംഘടനകൾക്ക് ഇത് വലിയ തലവേദനയായി. ഒടുവിൽ 10ഉം 50ഉം കേസുകളുള്ള അഭിഭാഷകരെ നേരിൽ സമീപിച്ച് വക്കാലത്ത് അവരുടേതാക്കിത്തന്നെ കേസുകൾ നടത്താനുള്ള ചെലവ് തങ്ങൾ നൽകാമെന്ന് പറഞ്ഞപ്പോഴാണ് അത്തരമൊരു ഉപാധിയോടെ കേസുകളുടെ നടത്തിപ്പ് പേരിനെങ്കിലും വിട്ടുകൊടുക്കാൻ തയാറായത്.
40,000 രൂപ മുതൽ 80,000 രൂപ വരെ ചില സംഘടനകൾ ഓരോ കേസിലും അഭിഭാഷകർക്ക് നൽകാനായി ചെലവിടുന്നുണ്ട്. 50ഓളം വീടുകളും സ്ഥാപനങ്ങളും കലാപകാരികൾ കത്തിച്ച ഖജൂരിഖാസിൽ കോടികളുടെ നാശനഷ്ടം വന്നവർ പോലും പ്രതികളുടെ പേരുവെച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. എഫ്.ഐ.ആറിന് ആധാരമായ പരാതിയിൽ സംഭവവുമായി ബന്ധപ്പെട്ട സൂക്ഷ്മമായ വിശദാംശങ്ങൾ രേഖപ്പെടുത്തണമായിരുന്നുവെങ്കിലും അതുമുണ്ടായില്ല. സർക്കാറിൽനിന്ന് നഷ്ടപരിഹാരം കിട്ടാനുള്ള നടപടിക്രമം എന്ന നിലയിലാണ് ഇവരിലേറെ പേരും എഫ്.ഐ.ആർ രജിസ്റ്റർ െചയ്തിരിക്കുന്നത്.
വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന തയ്യൽ മെഷീൻ േബാർഡുകളുണ്ടാക്കുന്ന കമ്പനി ചാമ്പലായി ഒന്നേകാൽ കോടിയുടെ നഷ്ടം സംഭവിച്ച ഖജൂരി ഖാസിലെ മുഖീമിെൻറ എഫ്.ഐ.ആറും പ്രതികളുടെ പേരില്ലാതെ തന്നെ. പുനർനിർമിച്ച് ഫാക്ടറി വീണ്ടും പ്രവർത്തിച്ചുതുടങ്ങിയെങ്കിലും കേസ് മുന്നോട്ടുപോകുമെന്നോ നീതി ലഭിക്കുമെന്നോ മുഖീമിന് പ്രതീക്ഷയില്ല. ഡൽഹി വംശീയാക്രമണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രങ്ങളിൽ വിചാരണ തുടങ്ങുന്നതോടെയാണ് ശരിക്കും പ്രശ്നമെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്(എ.പി.സി.ആർ)പ്രതിനിധി അഡ്വ. ശുഐബ് ഇനാംദാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.