ഇംഫാൽ: മണിപ്പൂർ കലാപത്തിന്റെ സ്വഭാവം മാറുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശങ്ക അറിയിച്ചെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്നും കലാപം പല ജില്ലകളിലേക്കും പടരുന്നതിലാണ് അമിത് ഷാ ആശങ്ക പങ്കുവെച്ചതെന്ന് ഞായറാഴ്ച രാത്രി ന്യൂഡൽഹിയിൽനിന്ന് മടങ്ങവെ ബിരേൻ സിങ് വ്യക്തമാക്കി. മണിപ്പൂരിലെ സ്ഥിതിഗതികൾ കഴിഞ്ഞ ദിവസം സിങ് അമിത് ഷായെ ബോധിപ്പിച്ചിരുന്നു.
കേന്ദ്രമന്ത്രിമാരുടെ വീടിനുനേരെയുള്ള ആക്രമണം, സുരക്ഷാസേനക്കുനേരെ ജനം തിരിയുന്നത് തുടങ്ങിയ കാര്യങ്ങൾ ചർച്ചയായി. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനായി സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കലാപത്തിലെ ആദ്യഘട്ടം വളരെയധികം രാഷ്ട്രീയ-വൈകാരിക സ്വഭാവമുള്ളതായിരുന്നു. ഇപ്പോൾ വളരെ മോശം അവസ്ഥയാണ് നിലനിൽക്കുന്നത്.
സംഘർഷവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളും ഭരണകൂടവും എം.എൽ.എമാരും നേതാക്കളും ചേർന്ന് കാര്യങ്ങൾ ചർച്ചചെയ്യണം. എന്താണ് പ്രശ്നം അവസാനിപ്പിക്കാൻ ചെയ്യേണ്ടത് എന്നത് ആലോചിക്കണം -ബിരേൻ സിങ് കൂട്ടിച്ചേർത്തു.
മണിപ്പൂർ വിഷയത്തിൽ കഴിഞ്ഞ ദിവസം അമിത് ഷായുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേർന്നതിനുശേഷമാണ് മുഖ്യമന്ത്രിയുമായി അദ്ദേഹം ചർച്ച നടത്തിയത്. മുഖ്യമന്ത്രിയെ മാറ്റിനിർത്തിയാണ് ശനിയാഴ്ച ആഭ്യന്തര മന്ത്രി സർവകക്ഷിയോഗം ഡൽഹിയിൽ നടത്തിയത്. ബിരേൻ സിങ്ങിനെ മാറ്റി സമാധാനം പുനഃസ്ഥാപിക്കാൻ പുതിയ ശ്രമങ്ങൾക്ക് തുടക്കമിടണമെന്ന ആവശ്യമാണ് പ്രധാനമായും സർവകക്ഷിയോഗത്തിൽ ഉയർന്നത്.
സായുധസംഘങ്ങളെ കർക്കശമായി നിരായുധീകരിച്ച് സൗഹാർദവും വിശ്വാസവും തിരിച്ചുപിടിക്കാൻ നടപടി തുടങ്ങണമെങ്കിൽ മുഖ്യമന്ത്രി മാറണമെന്ന് അഭിപ്രായമുയരുകയുണ്ടായി.
അതിനിടെ, ഇംഫാൽ വെസ്റ്റ് ജില്ലയിൽ ആക്രമികൾ കടക്ക് തീയിട്ടു. സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. അക്രമവും തീവെപ്പുമായി മണിപ്പൂർ സംഘർഷം അവസാനമില്ലാതെ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.