ബെയ്ജിങ്: അടുത്ത വർഷത്തെ ജി-20 ഉച്ചകോടി ജമ്മു-കശ്മീരിൽ നടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ എതിർത്ത് ചൈന. വിഷയം ഇരുകൂട്ടരും രാഷ്ട്രീയവത്കരിക്കരുതെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജമ്മു-കശ്മീരിൽ 2023ലെ ജി-20 ഉച്ചകോടി നടത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ പാകിസ്താനും ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു.
കശ്മീരിൽ ചൈനയുടെ നിലപാട് വളരെ വ്യക്തമാണെന്നും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പരാഗത തർക്കമാണിതെന്നും ചൈന വിദേശകാര്യ മന്ത്രാലയം വക്താവ് ജോ ലിജാങ് പറഞ്ഞു. കശ്മീർ വിഷയം ഐക്യരാഷ്ട്ര സഭയുടെ പ്രസക്തമായ പ്രമേയങ്ങൾ അനുസരിച്ചും ഉഭയകക്ഷി കരാറുകളിലൂടെയും പരിഹരിക്കണം. അതല്ലാതെ ഏകപക്ഷീയമായ ഇത്തരം നടപടികളിലൂടെ പ്രശ്നം സങ്കീർണമാക്കരുത്. പ്രശ്നം രാഷ്ട്രീയവത്കരിക്കാതെ സാമ്പത്തിക മേഖലയുടെ പുനരുദ്ധാരണത്തിനായിരിക്കണം ഇരുകൂട്ടരും ശ്രദ്ധനൽകേണ്ടത്.
ജി-20 ഉച്ചകോടയിൽ ചൈന പങ്കെടുക്കണമോ വേണ്ടയോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ശക്തമായ എതിർപ്പിനിടെയും പാക് അധീന കശ്മീരിലൂടെ ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി നിർമിക്കാനുള്ള തീരുമാനത്തെയും ചൈന ന്യായീകരിച്ചു. രണ്ട് വിഷയവും വ്യത്യസ്തമാണെന്നായിരുന്നു വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.