ആന്ധ്ര സർക്കാരിനെതിരെ പരാമർശവുമായി ​ചിരഞ്ജീവി, വിമർശനവുമായി നടി റോജ

അമരാവതി: ആന്ധ്രാപ്രദേശ് സർക്കാരിനെതിരായ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പരാമർശത്തെ വിമർശിച്ച് നടിയും സംസ്ഥാന മന്ത്രിയുമായ റോജ. ‘സിനിമാ വ്യവസായത്തെ ലക്ഷ്യം വയ്ക്കാതെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ’ എന്ന് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ ചിരഞ്ജീവി ഉപദേശിച്ചതാണ് റോജയെ ചൊടിപ്പിച്ചത്.

ചിരഞ്ജീവി കേന്ദ്രമന്ത്രിയായിരുന്നപ്പോൾ സംസ്ഥാനം വിഭജിക്കപ്പെട്ടു. എന്തുകൊണ്ടാണ് നിങ്ങൾ സംസ്ഥാനത്തിന് പ്രത്യേക കാറ്റഗറി പദവിക്കായി പോരാടാത്തത്? സിനിമയെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ചത് തെറ്റാണെന്നും റോജ പറഞ്ഞു. സർക്കാരിനെ ബോധപൂർവം ആക്രമിക്കാൻ ചിരഞ്ജീവിയുടെ സഹോദരനും ജനസേന പാർട്ടി നേതാവുമായ പവൻ കല്യാൺ സിനിമ പ്ലാറ്റ്‌ഫോം ഉപയോഗിക്കുകയാണെന്നും റോജ ആരോപിച്ചു. ചിരഞ്ജീവിക്ക് എന്തെങ്കിലും ഉപദേശമുണ്ടെങ്കിൽ അത് തന്റെ സഹോദരന് നൽകണമെന്നും അവർ പറഞ്ഞു. വ്യക്തിപരമായ നേട്ടങ്ങൾക്കായാണ് ചിരഞ്ജീവി തന്റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചതെന്നും റോജ ആരോപിച്ചു.

എന്തുകൊണ്ടാണ് വൈ.എസ്.ആർ കോൺഗ്രസ് സർക്കാർ ‘ചെറിയ പക്ഷിയെ’ ലക്ഷ്യമിടുന്നത്? എന്ന ചിരഞ്ജീവിയുടെ ചോദ്യമാണ് ഭരണകക്ഷി നേതാക്കളെ ചൊടിപ്പിച്ചത്. ‘വാൾട്ടയർ വീരയ്യ’ എന്ന തന്‍റെ സിനിമയുടെ 200 ദിവസം ആഘോഷിക്കുന്ന ചടങ്ങിൽ സംസാരിക്കവെ, നടന്മാരുടെ പ്രതിഫലത്തെക്കുറിച്ച് സർക്കാർ എന്തിനാണ് സംസാരിക്കുന്നതെന്ന് ചിരഞ്ജീവി ചോദിച്ചിരുന്നു. എന്തിനാണ് നിങ്ങൾ കുഞ്ഞുകുരുവിയെ ലക്ഷ്യമിടുന്നത്? നടന്മാരുടെ പ്രതിഫലത്തെക്കുറിച്ച് സർക്കാർ എന്തിന് സംസാരിക്കണം? പ്രത്യേക വിഭാഗ പദവി, പദ്ധതികൾ, ജോലികൾ, തൊഴിലവസരങ്ങൾ, പാവപ്പെട്ടവരുടെ വയറു നിറയ്ക്കുന്ന പദ്ധതികൾ എന്നിവയിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് ചിരഞ്ജീവി പറഞ്ഞത്. പവൻ കല്യാണിന്റെ സമീപകാല ചിത്രമായ ‘ബ്രോ’യെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിലാണ് ചിരഞ്ജീവിയുടെ പരാമർശം.

ചിരഞ്ജീവിയുടെ പരാമർശത്തിന് തൊട്ടുപിന്നാലെ നിരവധി വൈ.എസ്.ആർ കോൺഗ്രസ് നേതാക്കളാണ് അദ്ദേഹത്തിനെതിരെ രംഗത്ത് വന്നത്. ചില ബുദ്ധിശൂന്യരായ ആ​ളുകളാണ് സർക്കാരിന് ഉപദേശം നൽകുന്നതെന്ന് ഭരണകക്ഷി എം.എൽ.എയും മുൻ മന്ത്രിയുമായ കൊടലി നാനി പരിഹസിച്ചു. സിനിമാ വ്യവസായം ‘ചെറിയ പക്ഷി’ ആണെന്ന് സമ്മതിക്കുകയാണോയെന്ന് ചിരഞ്ജീവിയോട് വിദ്യാഭ്യാസ മന്ത്രി ബോട്‌സ സത്യനാരായണ ചോദിച്ചു.

നാനി പരാമർശത്തിനെതിരെ അദ്ദേഹത്തിന്റെ മണ്ഡലമായ ഗുഡിവാഡയിൽ ചിരഞ്ജീവി ആരാധകർ പ്രതിഷേധ പ്രകടനം നടത്തുകയും നടനോട് എം.എൽ.എ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് റാലി നടത്തുകയും ചെയ്തു. പൊലീസ് തടയാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് ആരാധകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

Tags:    
News Summary - chiranjeevi's advice to andhra cm triggers uproar,roja hits back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.