ന്യൂഡൽഹി: ജനങ്ങൾക്കിയടിൽ സ്ഥിരമായ വിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതാണ് നീതിന്യായ സംവിധാനം ഉൾപ്പെടെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും നേരിടുന്ന വെല്ലുവിളിയെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ഇൻസ്റ്റന്‍റ് നൂഡിൽസിന്‍റെ കാലഘട്ടത്തിൽ ജനങ്ങൾ ഇൻസ്റ്റന്‍റ് (തൽക്ഷണം) നീതി ആവശ്യപ്പെടുന്നുണ്ടെന്നും ഇതിനിടെ യഥാർഥ നീതി ചോദ്യചിഹ്നമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
മദ്രാസ് ഹൈകോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ ശിലാസ്ഥാപന ചടങ്ങിലും വില്ലുപുരം-നാമക്കൽ ജില്ലകളിലെ കോടതി കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങിലും അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്‍റെ പരാമർശം.
വിപത്തുകളിലാണ് ജനങ്ങൾ കോടതിയെ സമീപിക്കുന്നത്. കോടതി തങ്ങളുടെ അവകാശം സംരക്ഷിക്കുമെന്നും ജനങ്ങൾ വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ കോടതികളുടെ പ്രവർത്തനം സുഗമമാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നും, ജനങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ അവരിലേക്ക് എങ്ങനെ ഇറങ്ങിച്ചെല്ലണമെന്നും ചിന്തിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയനിർമാണ സംവിധാനങ്ങളുടെ ഇന്ത്യവത്കരണത്തെ ഊട്ടിയുറപ്പിക്കുന്നതിന്‍റെ വക്താവാണ് താനെന്നും അദ്ദേഹം ആവർത്തിച്ചു.
ഇതൊരു ബഹുമുഖ ആശയമാണ്. വാദങ്ങളിൽ ജനങ്ങൾക്ക് പങ്കെടുക്കാനുള്ള വേദി കൂടിയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഭാഷാ തടസ്സങ്ങൾ ഒഴിവാക്കുക, പ്രായോഗിക പരിഷ്കാരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ നികത്തൽ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തെ ജനസംഖ്യ ക്രമാതീതമായി ഉയരുകയാണ്. ഈ സാഹചര്യത്തിൽ ജനസംഖ്യയും കോടതിയുടെ അടിസ്ഥാന സൗകര്യവും തമ്മിൽ വലിയ അന്തരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റതു മുതൽ കോടതികളുടെ അടിസ്ഥാന സൗകര്യ വികസനമാണ് തന്‍റെ മുൻഗണന. അടിസ്ഥാന സൗകര്യ വികസനത്തിനായി തമിഴ്നാട് സർക്കാർ നടത്തുന്ന പ്രയത്നങ്ങൾ പ്രശംസനീയമാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.