ന്യൂഡൽഹി: മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കേന്ദ്രസർക്കാറിന്റെ വിവാദ പൗരത്വഭേദഗതി നിയമത്തിനെതിരെ സമർപ്പിച്ച ഹരജികൾ ഒടുവിൽ സുപ്രീംകോടതി പരിഗണിച്ചു. 2019 ഡിസംബറിൽ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സമർപ്പിച്ച ആദ്യഹരജി മുഖ്യഹരജിയാക്കി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. അവശേഷിക്കുന്ന 200ലേറെയുള്ളവ അതിന്റെ അനുബന്ധ ഹരജികളാക്കി മാറ്റി. പുതിയ ബെഞ്ചിലേക്ക് മാറുന്ന കേസ് ഡിസംബർ ആറിന് വീണ്ടും പരിഗണിക്കുമെന്നും ഈ മാസമാദ്യം വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഉത്തരവിൽ വ്യക്തമാക്കി. പുതിയ ബെഞ്ച് ഏതെന്ന് പുതിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് തീരുമാനിക്കും.
പൗരത്വ നിയമത്തിനെതിരായ ഹരജികളിൽ വ്യത്യസ്ത വിഷയങ്ങളുള്ളതിനാൽ രണ്ടോ മൂന്നോ മുഖ്യ കേസുകളാക്കി സമാനവിഷയങ്ങൾ അതിനൊപ്പം സമാഹരിച്ച് സങ്കീർണത ഒഴിവാക്കേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കേസുകൾ ആ തരത്തിൽ വേർതിരിക്കുമ്പോൾ മതപരവും ഭൂമിശാസ്ത്രപരവുമായ വർഗീകരണങ്ങൾകൂടി കാണേണ്ടിവരും. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റേത് മുഖ്യകേസാക്കി മാറ്റുകയാണെന്നും ലീഗിനായി ഹരജി ഫയൽചെയ്ത അഡ്വ. പല്ലവി പ്രതാപിനെ നോഡൽ ഓഫിസറാക്കി നിയമിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മുസ്ലിം ലീഗിന്റെ ഹരജി പൂർണമാണ്. അതിനാൽ പൗരത്വ നിയമഭേദഗതി നിയമത്തിനെതിരായ വാദഗതികൾ അഡ്വ. പല്ലവി പ്രതാപ് സമാഹരിക്കും.
മുസ്ലിം ലീഗിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്ന മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര നിയമമന്ത്രിയുമായ കപിൽ സിബലിന്റെ കേസ് തന്നെ മുഖ്യകേസായി വരട്ടെയെന്നും അല്ലെങ്കിൽ, ആവർത്തനം വരുമെന്നും മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ഈ നിർദേശത്തെ പിന്തുണച്ചുകൊണ്ട് പറഞ്ഞു. കേന്ദ്രസർക്കാറിന്റെ പക്ഷത്തുനിന്ന് നിയമത്തിന് അനുകൂലമായ വാദഗതികൾ സമാഹരിക്കാൻ അഡ്വ. കനു അഗർവാളിനെയും നിയമിച്ചു.
കേസിലെ എല്ലാ പകർപ്പുകളും കനു അഗർവാളിന് അയക്കാനും കോടതി നിർദേശിച്ചു. ഹരജികൾ സമാഹരിച്ചശേഷം ഓരോ അഭിഭാഷകർക്കും സമയം നൽകും. അസം, ത്രിപുര സംസ്ഥാനങ്ങൾ ഇതുവരെയും കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്നും അവർക്ക് മൂന്നാഴ്ചകൂടി സമയം നൽകുകയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇരുഭാഗത്തെയും നോഡൽ ഓഫിസർമാർ അതിന് രണ്ടാഴ്ചക്കകം മറുപടി നൽകണം. കേസ് വീണ്ടും ഡിസംബർ ആറിന് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
കേന്ദ്രസർക്കാർ കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു. എന്നാൽ, ശ്രീലങ്കൻ തമിഴരുടെ പൗരത്വ വിഷയവും പൗരത്വഭേദഗതി നിയമത്തിൽ ഉയർന്നുവരുന്നുണ്ടെന്നും അക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും അഡ്വ. വിൽസൺ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.