ചെന്നൈ: മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ദുബൈയിലേക്ക് തിരിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലരക്ക് പ്രത്യേക വിമാനത്തിലാണ് സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള സംഘം പുറപ്പെട്ടത്. തൂവെള്ള ഷർട്ടും മുണ്ടും മാത്രം ധരിക്കാറുള്ള സ്റ്റാലിനെ ദുബൈയിലേക്ക് തിരിക്കവെ പാന്‍റസും കോട്ടുമിട്ട് കണ്ടതോടെ മന്ത്രിമാരും പാർട്ടി നേതാക്കളും അമ്പരന്നു. ചുവന്ന ഷർട്ടും കറുത്ത പാന്റ്സും കറുപ്പുനിറത്തിലുള്ള സ്റ്റൈലിഷ് കോട്ടുമാണ് ധരിച്ചിരുന്നത്. പിന്നീട് മന്ത്രിമാരും എംപിമാരും ചേർന്ന് പൊന്നാടയണിയിച്ച് യാത്രയയച്ചു.
വെള്ളിയാഴ്ച രാവിലെ നടക്കുന്ന ചടങ്ങിൽ 'ദുബൈ എക്‌സ്‌പോ 2022'യിലെ തമിഴ്നാട് പവിലിയൻ സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് സർക്കാർ ആഭിമുഖ്യത്തിൽ ടെക്സ്റ്റൈൽ, കൃഷി, വ്യവസായം എന്നീ മേഖലകളുമായി ബന്ധപ്പെട്ട സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. പ്രദർശനത്തിനും മറ്റുമായി തമിഴ്നാട് സർക്കാർ അഞ്ച് കോടി രൂപ വകയിരുത്തിയിരുന്നു. പുതിയ ആഗോള നിക്ഷേപകരെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരാനാണ് ഈ സന്ദർശനത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ ലക്ഷ്യമിടുന്നത്.
ഷാർജയിലെ സർവകലാശാലയിൽ നടക്കുന്ന ബിരുദദാന ചടങ്ങിൽ പങ്കെടുക്കും. അബുദാബിയും സന്ദർശിക്കും. മുഖ്യമന്ത്രിയായതിന് ശേഷം സ്റ്റാലിന്‍റെ ആദ്യ വിദേശ യാത്രയാണിത്. സംസ്ഥാന വ്യവസായ മന്ത്രി തങ്കം തെന്നരസുവും വിവിധ സംസ്ഥാന വകുപ്പ് സെക്രട്ടറിമാരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. 28ന് സംഘം ചെന്നൈയിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.