കോയമ്പത്തൂർ കാർ സ്ഫോടനക്കേസ് എൻ.ഐ.എക്ക്

ചെന്നൈ: കോയമ്പത്തൂർ കാർ സ്ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുക്കും. ബുധനാഴ്ച സെക്രട്ടേറിയറ്റിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന ക്രമസമാധാനനില സംബന്ധിച്ച അവലോകന യോഗത്തിലാണ് കേസ് എൻ.ഐ.എക്ക് കൈമാറാൻ ശിപാർശ ചെയ്തത്. ചീഫ് സെക്രട്ടറി വി. ഇറൈ അൻപു, ആഭ്യന്തര സെക്രട്ടറി കെ. ഫനീന്ദ്ര റെഡ്ഡി, ഡി.ജി.പി സി. ശൈലേന്ദ്രബാബു തുടങ്ങിയവർ സംബന്ധിച്ചു.

പ്രതികൾക്ക് അന്തർ സംസ്ഥാന- അന്താരാഷ്ട്ര ബന്ധങ്ങളുള്ള പശ്ചാത്തലത്തിലാണ് കേസ് എൻ.ഐ.എക്ക് കൈമാറുന്നത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തമിഴ്‌നാട് പൊലീസിൽ പ്രത്യേക സേന രൂപവത്കരിക്കും.

കോയമ്പത്തൂർ നഗരത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ കരിമ്പുക്കട, സുന്ദരാപുരം, കൗണ്ടംപാളയം എന്നിവിടങ്ങളിൽ പുതിയ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും. പ്രധാന നഗരങ്ങളിലും പൊതുജനങ്ങൾ കൂടുതലായി ഒത്തുകൂടുന്ന സ്ഥലങ്ങളിലും വിപുലമായ രീതിയിൽ അത്യാധുനിക സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനും തീരുമാനിച്ചു.

അതിനിടെ കൊച്ചിയിൽനിന്ന് എൻ.ഐ.എ ഡി.ഐ.ജി കെ.ബി. വന്ദന, എസ്.പി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച കോയമ്പത്തൂർ സിറ്റി പൊലീസ് കമീഷണർ ഓഫിസിലെത്തി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

മേട്ടുപ്പാളയം, ഉക്കടം, പീളമേട്, കോൈട്ടമേട് തുടങ്ങിയ പ്രദേശങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ ദിവസങ്ങളോളം നിർത്തിയിട്ട കാറുകളും മറ്റു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് രേഖകൾ പരിശോധിച്ചതിനുശേഷം ഉടമകൾക്ക് വിട്ടുകൊടുത്തു.

ഒക്ടോബർ 23ന് പുലർച്ച നാലുമണിയോടെയാണ് കോയമ്പത്തൂർ ഉക്കടം കോൈട്ടമേടിലെ ഈശ്വരൻ കോവിൽ വീഥിയിലെ സംഗമേശ്വരർ ക്ഷേത്രത്തിന് സമീപം കാർ പൊട്ടിത്തെറിച്ചത്. കാറോടിച്ചിരുന്ന ഉക്കടം ജി.എം നഗർ ജമേഷ മുബിൻ (29) കൊല്ലപ്പെട്ടിരുന്നു.

ചാവേറാക്രമണമാണോയെന്ന നിലയിലും അന്വേഷണം നടക്കുന്നുണ്ട്. മരണ വിവരമറിയുമ്പോൾ 'തെറ്റുകൾ ക്ഷമിച്ച് മാപ്പാക്കണമെന്ന' മുബീന്‍റെ വാട്സ്ആപ് സ്റ്റാറ്റസ് സംഘ്പരിവാർ കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണിത്. ഇക്കാര്യം പൊലീസ് മറച്ചുവെച്ചതായി ബി.ജെ.പി കേന്ദ്രങ്ങൾ ആരോപിക്കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന ഉക്കടം സ്വദേശികളായ മുഹമ്മദ് തൽഹ (25), മുഹമ്മദ് അസാറുദ്ദീൻ(23), മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്മായിൽ (27), മുഹമ്മദ് നവാസ് ഇസ്മായിൽ(26) എന്നിവരെ നവംബർ എട്ടുവരെ റിമാൻഡ് ചെയ്തു.

അതിനിടെ രണ്ടുപ്രതികളെക്കുടി പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. ജമേഷ മുബീന്‍റെ അടുത്ത ബന്ധുവായ അഫ്സൽഖാൻ ഉൾപ്പെടെ ചിലരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട് 25ഓളം പേർ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.

മുബീന്‍റെ വീട്ടിൽനിന്ന് 25 കിലോ സ്ഫോടക അസംസ്കൃത വസ്തുക്കൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. കാർ സ്‌ഫോടനക്കേസിലെ പ്രതികൾ ശ്രീലങ്കയിലെ ഈസ്റ്റർ സ്‌ഫോടനത്തിന് സമാനമായി ദക്ഷിണേന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. 

Tags:    
News Summary - Coimbatore car blast case to NIA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.