representation image

കോയമ്പത്തൂർ മേഖലയിൽ സംഘർഷം തുടരുന്നു; ജാഗ്രത നിർദേശം

കോയമ്പത്തൂർ: മേഖലയിൽ ബി.ജെ.പി- സംഘ്പരിവാർ കേന്ദ്രങ്ങൾക്കുനേരെ പെട്രോൾ ബോംബേറ് തുടരുന്നതിൽ ആശങ്ക. രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) ഓഫിസുകളിലും മറ്റും എൻ.ഐ.എ റെയ്ഡ് നടത്തുകയും തുടർന്ന് നേതാക്കളെ അറസ്റ്റ് ചെയ്തതിനും പിന്നാലെയാണ് കോയമ്പത്തൂർ ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസ് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ പെട്രോൾ ബോംബേറ് നടന്നത്.

പത്തിലധികം കേന്ദ്രങ്ങളിലാണ് ബോംബേറുണ്ടായത്. ശനിയാഴ്ച പുലർച്ച കുനിയമുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടത്തും സത്യമംഗലം പുളിയംപട്ടിയിലും പെട്രോൾ ബോംബേറുണ്ടായി. ഒരിടത്തും ആളപായമില്ല. ബി.ജെ.പി -സംഘ്പരിവാർ പ്രവർത്തകർ പ്രതിഷേധ പരിപാടികളുമായി രംഗത്തുണ്ട്. ബോംബേറുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇവരുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയാറായിട്ടില്ല.

കോയമ്പത്തൂർ മേഖലയിലെ മുസ്ലിം സംഘടന പ്രതിനിധികൾ യോഗം ചേർന്ന് ബി.ജെ.പിയും സംഘ്പരിവാർ കക്ഷികളും വർഗീയ സംഘർഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്ന് വിലയിരുത്തി. പ്രകോപനപരമായ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് ഇവരുടെ തീരുമാനം.

അതിനിടെ മുസ്ലിം -സംഘ്പരിവാർ സംഘടന പ്രതിനിധികളുമായി ജില്ല കലക്ടർ സമീറാൻ ശനിയാഴ്ച വെവ്വേറെ ചർച്ചയും നടത്തി. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ റാപിഡ് ആക്ഷൻ ഫോഴ്സ്, കേന്ദ്ര അർധ സൈനിക വിഭാഗങ്ങൾ ഉൾപ്പെടെ രണ്ടായിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ശനിയാഴ്ച തമിഴ്നാട് ചീഫ് സെക്രട്ടറി വി. ഇറയൻപു ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തി. 

Tags:    
News Summary - conflicts continued- petrol bombing of BJP-Sangh Parivar centers in the region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.