ന്യൂഡൽഹി: രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനത്തിൽ പാർലമെന്‍റിൽ സംഘടിപ്പിച്ച ചടങ്ങിൽനിന്ന് മുതിർന്ന കേന്ദ്രമന്ത്രിമാർ വിട്ടുനിന്നതിൽ കോൺഗ്രസ് പ്രതിഷേധം. ലോക്സഭ സ്പീക്കർ ഓം ബിർളയും രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവും ചടങ്ങിൽനിന്ന് വിട്ടുനിന്നതായും കോൺഗ്രസ് അറിയിച്ചു.
രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് നവംബർ 14. രാജ്യം നെഹ്റുവിനോടുള്ള ആദര സൂചകമായി നവംബർ 14 ശിശുദിനമായി ആഘോഷിച്ചുപോരുന്നു. നെഹ്റുവിന്റെ ജന്മദിനത്തിൽ പാർലമെന്റിലെ സെൻട്രൽ ഹാളിൽ സ്ഥാപിച്ചിരിക്കുന്ന നെഹ്റുവിന്റെ ഛായാചിത്രത്തിൽ എല്ലാവർഷവും പുഷ്പാർച്ചന നടത്തും. ഈ ചടങ്ങിൽനിന്നാണ് മുതിർന്ന കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ വിട്ടുനിന്നത്.
സംഭവത്തിൽ പ്രതിഷേധവുമായി രാജ്യസഭ കോൺഗ്രസ് ചീഫ് വിപ്പ് ജയ്റാം രമേശ് രംഗത്തെത്തി. 'പാർലമെന്‍റിൽ സെന്‍ട്രൽ ഹാളിൽ നടന്ന ജന്മ വാർഷിക പരിപാടിയിൽ അസാധാരണ സംഭവങ്ങൾ അരങ്ങേറി. ലോക്സഭ സ്പീക്കർ എത്തിയില്ല. രാജ്യസഭ ചെയർമാനും എത്തിയില്ല. ഒരു കേന്ദ്രമന്ത്രിപോലും സന്നിഹിതനായിരുന്നില്ല. ഇതിനേക്കാൾ കൂടുതൽ ക്രൂരത മറ്റെന്തുണ്ട്?' -ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. മറ്റു പ്രതിപക്ഷ നേതാക്കളും ഭരണപക്ഷ നേതാക്കളുടെ നടപടിയെ അപലപിച്ചു.
'ഇതിൽ യാതൊന്നും എന്നെ അത്ഭുതപ്പെടുത്തുന്നില്ല. പാർലമെന്‍റ് ഉൾപ്പെടെ ഇന്ത്യയുടെ മഹത്തായ സ്ഥാപനങ്ങളെല്ലാം ഓരോ ദിവസവും ഈ ഭരണം തകർക്കുകയാണ്' -മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ ട്വീറ്റ് ചെയ്തു.
നെഹ്റുവിന്റെ ജന്മ വാർഷികത്തിൽ പാർലമെന്‍റിൽ നടന്ന അനുസ്മരണ ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ഭാനു പ്രതാപ് സിങ് വർമ, ലോക്സഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ പെങ്കടുത്തു.
1966 മേയ് അഞ്ചിന് പാർലമെന്റിലെ സെൻട്രൽ ഹാളിൽ അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണനാണ് ജവഹർലാൽ നെഹ്റുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ് പരിപാടിയിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ പോസ്റ്ററിൽനിന്ന് നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയതിനെതിരെ പ്രതിേഷധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.