ഇന്ദോർ: പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് മധ്യപ്രദേശിൽ സംസ്ഥാന ബന്ദ്. കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ മുതൽ ഉച്ച രണ്ടുമണിവരെ ബന്ദ് ആചരിക്കുന്നത്. ബന്ദ് വിജയകരമാക്കി സർക്കാരിനെ മുന്നറിയിപ്പ് നൽകണമെന്ന് മുൻ മുഖ്യമന്ത്രി കമൽ നാഥ് ജനങ്ങളോട് അഭ്യർഥിച്ചു.
ഡീസലിന്‍റെയും പെട്രോളിന്‍റെയും വില അടിക്കടി ഉയർത്തി ജനങ്ങളെ ദുരിതത്തിലാക്കുകയാണ് സർക്കാർ. സാധാരണക്കാരെ കൊള്ളയടിച്ച് വരുമാനം സ്വരൂപിക്കുന്ന തിരക്കിലാണ് സർക്കാറെന്നും കമൽനാഥ് പറഞ്ഞു.
അതേസമയം, ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ട് തുടർച്ചയായ 12ാം ദിവസവും എണ്ണ വില കൂട്ടി. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ വിവധ സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 രൂപയായി. മധ്യപ്രദേശിൽ 98.64 രൂപയാണ് പെട്രോളിന് വില.
തിരുവനന്തപുരത്ത് പെട്രോളിന് 92.46 രൂപയും ഡീസലിന് 86.99 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ ഒരു ലിറ്റർ െപട്രോളിന് 90.75 രൂപയും ഡീസലിന് 85.44 രൂപയുമാണ് വില. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുകയാണ് ചെയ്തത്. ബാരലിന് 1.02 ഡോളർ കുറഞ്ഞ് 62.91 ഡോളറിലാണ് ബ്രെന്‍റ് ക്രൂഡോയിലിന്‍റെ വ്യാപാരം. 1.60 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.