തട്ടിപ്പ് കേസിന് പിന്നാലെ അദാനിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്; ‘മൊദാനി’ അഴിമതികളെ കുറിച്ച് ജെ.പി.സി അന്വേഷണം വേണം

ന്യൂഡൽഹി: തട്ടിപ്പിനും കൈക്കൂലിക്കും യു.എസിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. അദാനിക്കെതിരെ കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് കേസ് എന്നും സംയുക്ത പാർലമെന്‍ററി സമിതിയുടെ അന്വേഷണം വേണമെന്നുമാണ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചത്.

ഗൗതം അദാനിക്കും മറ്റുള്ളവർക്കുമെതിരെയാണ് യു.എസിലെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമീഷൻ (എസ്.ഇ.സി) കുറ്റപത്രം സമർപ്പിച്ചത്. വിവിധ 'മൊദാനി' അഴിമതികളെക്കുറിച്ച് സംയുക്ത പാർലമെന്‍ററി സമിതി (ജെ.പി.സി) അന്വേഷണത്തിനായി 2023 ജനുവരി മുതൽ കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യത്തെ ശരിവെക്കുന്നു. കോൺഗ്രസിന്‍റെ 'ഹം അദാനി കെ ഹേ' (എച്ച്.എ.എച്ച്.കെ) പരമ്പരയിൽ ഈ അഴിമതികളുടെ വിവിധ മാനങ്ങളും പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട വ്യവസായിയും തമ്മിലുള്ള അവിഹിത ബന്ധത്തെ കുറിച്ചും 100 ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല.

അദാനി ഗ്രൂപ്പിന്‍റെ നിയമ ലംഘനങ്ങളെ കുറിച്ചും നിക്ഷേപം, ഷെൽ കമ്പനികൾ എന്നിവയുടെ ഉറവിടം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതും സെബി അന്വേഷണം നടത്തിയ രീതിയിലും എസ്.ഇ.സിയുടെ നടപടികൾ വെളിച്ചം വീശുന്നു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന മേഖലകളിൽ കുത്തകവത്കരണം വർധിപ്പിക്കുന്നതിനും പണപ്പെരുപ്പം വർധിപ്പിക്കുന്നതിനും വിദേശനയ വെല്ലുവിളികൾ ഉയർത്തുന്നതിനും ഇടയാക്കുന്നു. അദാനി ഗ്രൂപ്പിന്‍റെ ഇടപാടുകളിൽ ജെ.പി.സി രൂപീകരിക്കണമെന്ന ആവശ്യം കോൺഗ്രസ് ആവർത്തിക്കുന്നു. -ജയ്റാം രമേശ് വ്യക്തമാക്കി.

യു.എസിലെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമീഷൻ ആണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെ തട്ടിപ്പ്, കൈക്കൂലി കേസുകൾ രജിസ്റ്റർ ചെയ്തത്. വിവിധ കരാറുകൾ സ്വന്തമാക്കാനായി 265 മില്യൺ ഡോളർ അദാനി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്നും ഇതിലൂടെ രണ്ട് ബില്യൺ ഡോളർ ലാഭമുണ്ടാക്കിയെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.

ഗൗതം അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസിൽ പ്രതികളാണ്. അദാനിയുടെ അടുത്ത ബന്ധു സാഗർ അദാനിയാണ് കേസിലെ മറ്റൊരു പ്രതി. ഇൗ അഴിമതി മറച്ചുവെച്ച് ഗൗതം അദാനിയും അദാനി ഗ്രീൻ എനർജിയുടെ മുൻ സി.ഇ.ഒ വനീത് ജയിനും മൂന്ന് ബില്യൺ ഡോളർ വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സ്വരൂപിച്ചുവെന്നും കേസുണ്ട്. അഴിമതിക്ക് തെളിവായി ചില കോഡുകൾ ഫോണിലൂടെ കൈമാറിയതിന്‍റെ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Congress lashed out at Adani after fraud case; JPC should investigate 'Modani' scams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.