ലോക്സഭ തെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിൽ 39 സീറ്റുകളിൽ ഇൻഡ്യ സഖ്യം ധാരണയി​ലെത്തി

മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ സീറ്റുകൾ സംബന്ധിച്ച് ഇൻഡ്യ സഖ്യം കൂടുതൽ സംസ്ഥാനങ്ങളിൽ ധാരണയിലെത്തിയെന്ന് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ 39 സീറ്റുകളിൽ സഖ്യം ധാരണയിലെത്തി. ഒമ്പത് സീറ്റുകളിലാണ് ഇനി ധാരണയിലെത്താനുള്ളത്.

സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായും എൻ.സി.പി നേതാവ് ശരത് പവാറുമായും ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റുകളിൽ ധാരണയായെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

പ്രധാനമായും എട്ട് സീറ്റുകളുടെ കാര്യത്തിലാണ് ഇപ്പോഴും മഹാരാഷ്ട്രയിൽ തർക്കം തുടരുന്നത്. ഇതിൽ മുംബൈയിലെ സൗത്ത് സെൻട്രൽ, നോർത്ത് വെസ്റ്റ് സീറ്റുകളും ഉൾപ്പെടും. ഈ രണ്ട് സീറ്റുകളിൽ ശിവസേനയും കോൺഗ്രസും കടുംപിടിത്തം തുടരുകയാണ്.

വൻചിത് ബഹുജൻ അഗാഡി അധ്യക്ഷൻ പ്രകാശ് അംബേദ്ക്കർ അഞ്ച് സീറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 2019ൽ പ്രകാശ് അംബേദ്ക്കറിന്റെ പാർട്ടി 47 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒന്നിൽ പോലും വിജയിക്കാൻ സാധിച്ചിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ 236 സീറ്റുകളിൽ മത്സരിച്ചുവെങ്കിലും പാർട്ടിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചുമില്ല.

കഴിഞ്ഞ തവണ 23 സീറ്റുകളിൽ മത്സരിച്ച ശിവസേന 18 എണ്ണത്തിൽ വിജയിച്ചിരുന്നു. ഇതിൽ മുംബൈ സൗത്ത് സെൻട്രലും നോർത്ത് വെസ്റ്റും ഉൾപ്പെടും. 25 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഒരെണ്ണത്തിലാണ് വിജയിക്കാനായത്. 19 സീറ്റുകളിൽ മത്സരിച്ച എൻ.സി.പി നാലെണ്ണത്തിൽ വിജയിച്ചു. 25 സീറ്റുകളിൽ മത്സരിച്ച ബി.ജെ.പി 23 എണ്ണത്തിൽ വിജയിച്ച് സംസ്ഥാനത്ത് ഒന്നാമതെത്തിയിരുന്നു.

മഹാരാഷ്ട്രക്ക് പുറമേ സീറ്റുവിഭജനം സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലും ചർച്ച നടക്കുകയാണ്. ഇതിൽ യു.പിയിൽ കോൺഗ്രസിന് 17 സീറ്റുകൾ നൽകാൻ അഖിലേഷ് യാദവിന്റെ എസ്.പി തീരുമാനിച്ചിരുന്നു. പശ്ചിമബംഗാളിൽ അഞ്ച് സീറ്റാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെങ്കിലും രണ്ട് സീറ്റിൽ കൂടുതൽ നൽകാനാവില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തൃണമൂൽ കോൺഗ്രസ്.

Tags:    
News Summary - Congress, Maharashtra Allies Agree Deal For 39 Seats, Nine To Go: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.