നവസങ്കൽപ് പ്രഖ്യാപനത്തിന് കോൺഗ്രസ്

ന്യൂഡൽഹി: അടുത്ത പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കർമപദ്ധതി രൂപപ്പെടുത്താൻ 'നവസങ്കൽപ് ചിന്താശിബിര'ത്തിന് തയാറെടുത്ത് കോൺഗ്രസ്. രാജസ്ഥാനിലെ ഉദയ്പൂരിൽ വെള്ളിയാഴ്ച തുടങ്ങുന്ന നേതൃയോഗം വഴിപാടു ചർച്ചകളുടെ വേദിയല്ലെന്ന് പാർട്ടി വിശദീകരിച്ചു. വിമർശനങ്ങൾ പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന വിധത്തിലാകരുതെന്ന് നേതൃയോഗത്തിന് രൂപം നൽകാൻ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരുത്തൽ വാദികൾക്ക് മുന്നറിയിപ്പ് നൽകി.

ആറ് ഉപസമിതികൾ തയാറാക്കിയ കരട് മാർഗനിർദേശങ്ങൾ പ്രകാരം പാർട്ടിയുടെ ലക്ഷ്യവും മാർഗവും നിശ്ചയിക്കുന്നതിനുള്ള നടപടികൾ ചർച്ചചെയ്യാനാണ് പ്രവർത്തക സമിതി ചേർന്നത്. അക്കാദമിക ചർച്ചയല്ല, കർമപദ്ധതിയാണ് ഉദയ്പൂരിൽ ഉണ്ടാവുകയെന്ന് പ്രവർത്തക സമിതി യോഗത്തിനുശേഷം മുതിർന്ന നേതാവ് ജയ്റാം രമേശ് വിശദീകരിച്ചു. അത് ഉൾക്കൊള്ളുന്ന 'ഉദയ്പൂർ നവ്സങ്കൽപ്' ഞായറാഴ്ച പ്രഖ്യാപിക്കും. പാർട്ടിയുടെയും പോഷക സംഘടനകളുടെയും ഭാരവാഹികൾ, മുൻകേന്ദ്രമന്ത്രിമാർ, എം.പിമാർ എന്നിവരടക്കം 420ൽപരം നേതാക്കളാണ് ചിന്താശിബിരത്തിൽ പങ്കെടുക്കുക. യുവനിരക്ക് പാർട്ടി നൽകുന്ന പരിഗണനയുടെ സൂചകമായി, പങ്കെടുക്കുന്നതിൽ പകുതി നേതാക്കളും 50ൽ താഴെ പ്രായമുള്ളവരായിരിക്കും. സ്ത്രീകൾക്ക് 21 ശതമാനം പ്രാതിനിധ്യം നൽകിയിട്ടുണ്ട്. ഡിജിറ്റൽ അംഗത്വ വിതരണ പരിപാടിക്കും പ്രവർത്തക സമിതി പച്ചക്കൊടി കാട്ടി.

കോൺഗ്രസിന് മുന്നേറാൻ മാന്ത്രിക വടിയൊന്നുമില്ലെന്ന് പ്രവർത്തക സമിതിയിൽ സോണിയ പറഞ്ഞു. കൂട്ടായ പ്രവർത്തനമാണ് വേണ്ടത്. ഐക്യത്തിന്റെയൂം നിശ്ചയ ദാർഢ്യത്തിന്റെയും ഒറ്റ സന്ദേശം പാർട്ടി പ്രസരിപ്പിക്കണം. പാർട്ടിയാണ് ജീവനാഡിയെന്ന് തിരിച്ചറിഞ്ഞ് നിർണായക ഘട്ടത്തിൽ ഓരോരുത്തരും പാർട്ടിയോടുള്ള കടപ്പാട് തീർക്കേണ്ട സമയമാണിത്. ആത്മവിമർശനം വേണം.

എന്നാൽ അത് ആത്മവിശ്വാസം തകർക്കുന്ന തരത്തിലാകരുതെന്ന് സോണിയ പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.