ന്യൂഡൽഹി: ആന്ധ്രപ്രദേശിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന പ്രവൃത്തനങ്ങളുമായി മുന്നോട്ടുപോകലാണ് പ്രഥമ ലക്ഷ്യമെന്നും ആരുമായും സഖ്യത്തിനില്ലെന്നും ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. പാർട്ടിയിൽ ചില പ്രശ്നങ്ങളുണ്ട്. ബൂത്തുതലം മുതൽ കോൺഗ്രസിനെ പുനഃസംഘടിപ്പിക്കുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
നാലു മാസത്തിനുള്ളിൽ സംഘടനയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടും. ഇതിെൻറ ഭാഗാമയി എല്ലാ ജില്ലകളും സന്ദർശിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കോൺഗ്രസ് വിട്ടുപോയ നേതാക്കൾ മടങ്ങിവന്നാൽ പൂർണമനസോടെ സ്വാഗതം ചെയ്യും. സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം എ.െഎ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.ഡി.പിയും ബി.ജെ.പിയും സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാന പുനസംഘടനാ സമയത്ത് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ആന്ധ്രക്ക് പ്രത്യേക പദവി ഉറപ്പുനൽകിയിരുന്നു. എന്നാൽ, പിന്നീട് അധികാരത്തിൽ വന്ന ബി.ജെ.പി സർക്കാർ ജനങ്ങളെ വഞ്ചിച്ചു. യു.പി.എ അധികാരത്തിൽ വന്നാൽ ആദ്യം ദിവസം തന്നെ സംസ്ഥാനത്തിന് പ്രത്യേക പദവിക്കുള്ള ഫയൽ ഒപ്പിടുമെന്ന ഉറപ്പ് രാഹുൽ ഗാന്ധി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി.ജെ.കുര്യൻ ഹൈക്കമാൻഡിന് പരാതി നൽകുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അതിന് അദ്ദേഹത്തിന് അവകാശമുണ്ടെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.