‘എന്തൊരു വിഡ്ഡിയാണിയാൾ’; അമിത് ഷാ നുണ പ്രചാരണം നടത്തുന്നെന്ന് കോൺഗ്രസ്

ന്യൂഡൽഹി: മണിപ്പൂരിൽ അക്രമസംഭവങ്ങൾ തുടരുമ്പോഴും അതിൽ ശ്രദ്ധിക്കാതെ ബി.ജെ.പി നുണപ്രചാരണം നടത്തുകയാണെന്ന് കോൺഗ്രസ് വക്താവ് സുജാത പോൾ. നേരത്തേ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മണിപ്പൂർ വിഷയത്തിൽ വിമർശനവുമായി രംഗത്തുവന്നിരുന്നു. മണിപ്പൂർ സംഘർഷം നീട്ടിക്കൊണ്ടുപോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും താൽപര്യമുണ്ടെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.

സുജാത പോൾ ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിഡിയോ ആണ് ഉള്ളത്. കോവിഡ് കാലത്ത് രാഹുൽ ഗാന്ധി വാക്സിനേഷൻ എടുക്കരുതെന്ന് പറഞ്ഞു എന്നാണ് അമിത് ഷാ തന്റെ പ്രസംഗത്തിൽ പറയുന്നത്. എന്നാൽ ഇത് നുണയാണെന്ന് സുജാത പോൾ കുറിച്ചു. ‘എന്തൊരു വിഡ്ഡിയാണ് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി. മണിപ്പൂർ ഇനിയും ദുരിതങ്ങളിൽ നിന്ന് കരകയറിയിട്ടില്ല. വെറുപ്പിന്റെ അഗ്നിയിൽ രാജ്യം ഇപ്പോഴും നീറിപ്പുകയുകയാണ്. രാഹുൽഗാന്ധി ആവ​ശ്യപ്പെട്ടത് എത്രയും വേഗം എല്ലാവർക്കും വാക്സിൻ നൽകാനാണ്. അറിവുകെട്ടവൻ മാത്രമല്ല നുണയനുംകൂടിയാണ് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി’-സുജാത ​പോൾ ട്വിറ്ററിൽ കുറിച്ചു.

‘49 ദിവസമായി മണിപ്പൂർ കത്തുകയാണ്, പ്രധാനമന്ത്രി നരേന്ദ്രമോദി നിലവിലെ പ്രതിസന്ധിയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നേരത്തേ ട്വീറ്റിൽ ആരോപിച്ചിരുന്നു. നൂറുകണക്കിന് ആളുകൾ മരിച്ചു, ആയിരങ്ങൾ ഭവനരഹിതരായി, എണ്ണമറ്റ പള്ളികളും ആരാധനാലയങ്ങളും തകർത്തു. അക്രമം ഇപ്പോൾ മിസോറാമിലേക്കും വ്യാപിക്കുകയാണ്.

കഴിഞ്ഞ കുറേ നാളുകളായി മണിപ്പൂരി നേതാക്കൾ പ്രധാനമന്ത്രി മോദിയുടെ ഇടപെടലിനായി കാത്തിരിക്കുകയാണ്. ഈ അവഗണന പ്രധാനമന്ത്രി മോദിക്കും ബി.ജെ.പിക്കും സംഘർഷം നീട്ടിക്കൊണ്ടു പോകാൻ താൽപ്പര്യമുണ്ടെന്നതിന്റെ തെളിവാണെന്ന് വേണുഗോപാൽ കൂട്ടിച്ചേർത്തു.

"സ്വയം പ്രഖ്യാപിത വിശ്വഗുരു" എപ്പോഴാണ് "മണിപ്പൂർ കി ബാത്ത്" കേൾക്കുകയെന്ന് വേണുഗോപാൽ ചോദിച്ചു. എപ്പോഴാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുക, സമാധാനത്തിനായുള്ള ലളിതമായ ആഹ്വാനം നടത്തുക? സമാധാനം കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയോടും മണിപ്പൂർ മുഖ്യമന്ത്രിയോടും അദ്ദേഹം എപ്പോഴാണ് വിശദീകരണം ചോദിക്കുക?. തുടങ്ങിയ ചോദ്യങ്ങളും വേണുഗോപാൽ ഉന്നയിച്ചു.


Tags:    
News Summary - Congress says that Amit Shah is spreading lies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.