ഭോപാൽ: സംസ്ഥാനത്ത് 15 വർഷത്തെ ബി.ജെ.പി ഭരണത്തിനിടെ ചുമത്തിയ രാഷ്ട്രീയപ്രേരിത കേസുകൾ പിൻവലിക്കുമെന്ന് മധ്യപ്രദേശ് നിയമമന്ത്രി പി.സി. ശർമ. കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഭാരത് ബന്ദിനെ തുടർന്ന് ചുമത്തിയ കേസുകൾ പിൻവലിച്ചില്ലെങ്കിൽ മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് സർക്കാറുകൾക്ക് പിന്തുണ തുടരണമോ എന്ന് ആലോചിക്കേണ്ടിവരുമെന്ന് ബി.എസ്.പി നേതാവ് മായാവതി പ്രഖ്യാപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് കേസുകൾ പിൻവലിക്കുമെന്ന് വ്യക്തമാക്കിയത്. പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം തടയുന്ന നിയമം സുപ്രീംകോടതി ദുർബലപ്പെടുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ദലിത് സംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനംചെയ്തത്. മധ്യപ്രദേശിൽ ബന്ദിനെ തുടർന്നുണ്ടായ അക്രമത്തിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു.
കോൺഗ്രസ്, സമാജ്വാദി പാർട്ടി (എസ്.പി), ബി.എസ്.പി, ഇടതുപാർട്ടികൾ, നർമദ ബച്ചാവോ ആന്ദോളൻ പ്രവർത്തകർ, കർഷകർ, തൊഴിലാളികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കെതിരായ രാഷ്ട്രീയപ്രേരിത കേസുകളാണ് പിൻവലിക്കുകയെന്ന് മന്ത്രി ശർമ കൂട്ടിച്ചേർത്തു.
മായാവതിയുടെ ഭീഷണിയാണോ ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കേസുകൾ കൂടുതലും കോൺഗ്രസുകാർക്കെതിരാണെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. മധ്യപ്രദേശിൽ 230 അംഗ സഭയിൽ കോൺഗ്രസിന് 114 എം.എൽ.എമാരാണുള്ളത്. ബി.എസ്.പിയുടെ രണ്ടും എസ്.പിയുടെ ഒരു എം.എൽ.എയും നാലു സ്വതന്ത്രരും കോൺഗ്രസിനെയാണ് പിന്തുണക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.