ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി. ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം വിലയിരുത്താൻ ന്യൂഡൽഹി അശോക ഹോട്ടലിൽ ചേർന്ന വിശാല കോൺഗ്രസ് പ്രവർത്തക സമിതിയാണ് ഐകകണ്ഠ്യേന പ്രമേയം പാസാക്കിയത്. രാഹുൽ ഗാന്ധിക്കുള്ള ജനവിധിയാണ് ലോക്സഭ തെരഞ്ഞെടുപ്പിലേതെന്ന് യോഗം വിലയിരുത്തി.
ഇക്കാര്യത്തിൽ ഉടൻ തീരുമാനം അറിയിക്കാമെന്ന് രാഹുൽ പ്രതികരിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ജയറാം രമേശും കെ.സി വേണുഗോപാലും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോൺഗ്രസ് നേതാക്കളുടെ സമ്മർദങ്ങൾക്കിടയിലും പദവി ഏറ്റെടുക്കാൻ രാഹുൽ തയാറായിരുന്നില്ല. ഇതേത്തുടർന്നാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന പ്രവർത്തക സമിതി ഇക്കാര്യം ചർച്ചചെയ്ത് പ്രമേയം പാസാക്കിയത്. ശക്തവും ജാഗ്രതയുള്ളതുമായ പ്രതിപക്ഷത്തെ നയിക്കാൻ രാഹുൽ ഗാന്ധി നേതൃപദവി ഏറ്റെടുക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. കാബിനറ്റ് റാങ്കുള്ള പ്രതിപക്ഷ നേതൃപദവി ലഭിക്കുന്നതോടെ രാഹുലിന് ദേശീയ രാഷ്ട്രീയത്തിൽ നിർണായക റോൾ ലഭിക്കുമെന്നാണ് സമിതിയുടെ അഭിപ്രായം.
കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തെ വേട്ടയാടാനും ഇല്ലായ്മ ചെയ്യാനും ഉപയോഗിക്കുന്ന സാഹചര്യത്തിൽ സി.ബി.ഐ ഡയറക്ടർ, എൻഫോഴ്സ്മെന്റ് ഡയറക്ടർ, വിവരാവകാശ കമീഷണർ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയ നിയമനങ്ങളിൽ പ്രതിപക്ഷ വികാരം പ്രതിഫലിപ്പിക്കാൻ രാഹുലിന് കഴിയുമെന്നും അംഗങ്ങൾ ചർച്ചയിൽ അഭിപ്രായപ്പെട്ടു.
2014ലും 2019ലും ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉത്തരവാദിത്തമേൽക്കാൻ രാഹുൽ തയാറായിരുന്നില്ല. എന്നാൽ അന്നത്തേതിൽനിന്ന് വ്യത്യസ്തമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് സമിതി അംഗങ്ങൾ ഓർമിപ്പിച്ചു. 2019ൽ പ്രതിപക്ഷ നേതാവാകാനുള്ള എം.പിമാർ കോൺഗ്രസിനില്ലായിരുന്നുവെന്നും എന്നാൽ ഇത്തവണ 100ലെത്തിയെന്നും അവർ ചൂണ്ടിക്കാട്ടി. രാഹുൽ പ്രതിപക്ഷ നേതാവാകണമെന്ന ആവശ്യം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രവർത്തക സമിതിയിൽ ഉന്നയിച്ചു.
സമിതിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനം എടുക്കണമെന്ന് ഖാർഗെ രാഹുലിനോട് പറഞ്ഞു. മൂന്നര മണിക്കൂർ നീണ്ട പ്രവർത്തക സമിതിയിൽ പാസാക്കിയ രണ്ടാമത്തെ പ്രമേയത്തിൽ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനും സാമൂഹിക, സാമ്പത്തിക നീതി ഉറപ്പുവരുത്താനും വോട്ടുചെയ്ത ജനങ്ങളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.