ജയ്പൂർ: രാജസ്ഥാനിൽ അംബേദ്കറിന്റെ പോസ്റ്റർ നീക്കം ചെയ്തത് ചോദ്യം ചെയ്ത ദലിത് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിലാണ് സംഭവം.
ജൂൺ അഞ്ചിനായിരുന്നു ആക്രമണം. പോസ്റ്റർ നീക്കം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ ഒരു കൂട്ടം യുവാക്കൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഗുരുതര പരിക്കേറ്റ 22കാരനായ വിനോദ് ബമാനിയയെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രണ്ടുദിവസത്തിന് ശേഷം മരിക്കുകയായിരുന്നു.
ഭീം ആർമി പ്രവർത്തകനാണ് വിനോദ് ബമാനിയ. കിൻക്രാലിയ ഗ്രാമത്തിലാണ് താമസം. വിനോദും ബന്ധുവായ മുകേഷും സുഹൃത്തുക്കളും ചേർന്ന് ഗ്രാമത്തിൽ അംബേദ്കർ ജയന്തി ആഘോഷിച്ചിരുന്നു. തുടർന്ന് അവരുടെ വീടുകൾക്ക് മുമ്പിൽ അംബേദ്കറിന്റെ ചിത്രം പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. എന്നാൽ പ്രദേശത്തെ ഒരു വിഭാഗം ചെറുപ്പക്കാരെത്തി പോസ്റ്ററുകൾ കീറുകയായിരുന്നു. ഇത് തർക്കത്തിൽ കലാശിക്കുകയായിരുന്നു.
പിന്നീട്, വിനോദും മുകേഷും കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനത്തിലെത്തിയ ഒരു സംഘം ഇരുവരുടെയും സൈക്കിൾ തടഞ്ഞുനിർത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഹോക്കി സ്റ്റിക്കും വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം.
വിനോദിന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഒ.ബി.സി സമുദായത്തിൽപ്പെട്ടവരാണ് വിനോദിനെ ആക്രമിച്ചതെന്നും പ്രതികൾ ജാതീയ പരാമർശം നടത്തിയതായും പൊലീസ് പറയുന്നു. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി കുടുംബം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.