വിജയവാഡ: തെലുഗു ദേശം പാർട്ടി(ടി.ഡി.പി) പ്രസിഡന്റും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ കോടതിയിൽ ഹാജരാക്കി. അഴിമതിക്കേസുകൾ പരിഗണിക്കുന്ന വിജയവാഡയിലെ കോടതിയിലേക്കാണ് കനത്ത സുരക്ഷയിൽ ചന്ദ്രബാബുവിനെ കൊണ്ടുവന്നത്. സുപ്രീംകോടതി അഭിഭാഷകൻ സിദ്ധാർഥ് ലൂത്രയാണ് അദ്ദേഹത്തിന് വേണ്ടി ഹാജരാകുന്നത്.
ചന്ദ്രബാബു നായിഡുവിനെ ഹാജരാക്കുന്നതോടനുബന്ധിച്ച് നിരവധി മുതിർന്ന ടി.ഡി.പി നേതാക്കളും അനുയായികളും കോടതി സമുച്ചയത്തിൽ തടിച്ചുകൂടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൻ നാരാ ലോകേഷ്, ഭാര്യ നാരാ ഭുവനേശ്വരി എന്നിവരടക്കമാണുള്ളത്. നന്ദ്യാൽ ജില്ലയിൽ പൊതുപരിപാടി കഴിഞ്ഞ് കാരവനിൽ ഉറങ്ങുന്നതിനിടെയാണ് സി.ഐ.ഡി വിഭാഗം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 10 വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കള്ളക്കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത് എന്നാണ് നായിഡുവിന്റെ ആരോപണം.
സി.ഐ.ഡി വിഭാഗത്തിന്റെ 10 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷം ഞായറാഴ്ച പുലർച്ചെ 3.40ന് ചന്ദ്രബാബു നായിഡുവിനെ വിജയവാഡയിലെ ജനറൽ ആശുപത്രിയിൽ ആരോഗ്യ പരിശോധനക്കായി കൊണ്ടുവന്നു. 50 മിനിറ്റ് നീണ്ട പരിശോധനക്ക് ശേഷം അദ്ദേഹത്തെ വീണ്ടും എസ്.ഐ.ടി ഓഫിസിൽ തിരികെ എത്തിച്ചു.
നൈപുണ്യ വികസന കോർപറേഷന്റെ കീഴിൽ മികവിന്റെ കേന്ദ്രങ്ങളുണ്ടാക്കാനുള്ള പദ്ധതിയിലൂടെ കടലാസുകമ്പനികളിലേക്ക് 300 കോടി രൂപ വകമാറ്റിയ സംഭവത്തിൽ, ദുരുപയോഗംചെയ്ത ഫണ്ടിന്റെ പ്രധാന ഗുണഭോക്താക്കൾ ചന്ദ്രബാബു നായിഡുവും ടി.ഡി.പിയുമാണെന്നാണ് സി.ഐ.ഡി തലവൻ എൻ. സഞ്ജയ് പറയുന്നത്. പദ്ധതിയുടെ ആകെ ചെലവ് 3300 കോടിയായിരുന്നു. എന്നാൽ, സർക്കാറിന് 300 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി.
കടലാസുകമ്പനികളിലൂടെ സർക്കാർ ഫണ്ട് വകമാറ്റിയതിന്റെ പ്രധാന സൂത്രധാരനും ചന്ദ്രബാബു നായിഡുവായിരുന്നു. ഇദ്ദേഹത്തിന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നത്. നായിഡുവിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും സി.ഐ.ഡി മേധാവി കൂട്ടിച്ചേർത്തു. അഴിമതി പദ്ധതിയിൽ സ്വകാര്യ കമ്പനികൾ പണം ചെലവഴിക്കുന്നതിന് മുമ്പുതന്നെ സർക്കാർ 371 കോടി രൂപ മുൻകൂറായി അനുവദിച്ചു. ഈ പണം കടലാസുകമ്പനികളുടെ വ്യാജ ബില്ലിലൂടെയാണ് തട്ടിയെടുത്തത്.
സിംഗപ്പൂരായിരുന്നു ചില കടലാസുകമ്പനികളുടെ ആസ്ഥാനം. നടപടിക്രമം പാലിക്കാതെ സർക്കാർ ഫണ്ടിന്റെ ഒരുഭാഗം മികവിന്റെ കേന്ദ്രങ്ങളുണ്ടാക്കാൻ വിനിയോഗിച്ചുവെങ്കിലും ബാക്കി തുക കടലാസുകമ്പനികളിലേക്ക് വകമാറ്റി പദ്ധതിയിൽ പണം മുൻകൂറായി അനുവദിക്കാനുള്ള തീരുമാനമെടുത്തത് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവായിരുന്നു. ഡിസൈൻ ടെക് സിസ്റ്റംസ് മാനേജിങ് ഡയറക്ടർ വികാസ് ഖൻവേൽകറിനെയും തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സി.ഐ.ഡി മേധാവി പറഞ്ഞു. പദ്ധതിയുടെ പ്രധാന ഫയലുകൾ കാണാതായെന്നും ചന്ദ്രബാബുവും മറ്റുള്ളവരുമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റം തെളിഞ്ഞാൽ ചന്ദ്രബാബു നായിഡുവിന് 10 വർഷത്തെ ശിക്ഷ ലഭിക്കും. തട്ടിപ്പിനെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ജി.എസ്.ടിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.