അഹ്മദാബാദ്: 56 പേർ കൊല്ലപ്പെടുകയും 200േലറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2008ലെ അഹ്മദാബാദ് ബോംബ് സ്ഫോടന പരമ്പര കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 49 പേരിൽ മൂന്ന് മലയാളികളടക്കം 38 പേർക്ക് വധശിക്ഷ. മലയാളിയടക്കം 11 പേർക്ക് മരണം വരെ ജീവപര്യന്തം തടവ്. ഒറ്റക്കേസിൽ ഇത്രയുംപേർക്ക് വധശിക്ഷ വിധിക്കുന്നത് രാജ്യ ചരിത്രത്തിൽ ആദ്യമാണ്. 1991ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട കേസിൽ തമിഴ്നാട്ടിലെ ടാഡ കോടതി 26 പ്രതികൾക്കും വധശിക്ഷ വിധിച്ചിരുന്നു.
കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ശിബിലി എ. കരീം, ശാദുലി എ. കരീം, മലപ്പുറം സ്വദേശി ശറഫുദ്ദീൻ എന്നിവർക്കാണ് വധശിക്ഷ. ആലുവ കുഞ്ഞുണ്ണിക്കര മുഹമ്മദ് അൻസാർ നദ്വിയാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മലയാളി. ആലുവ കുഞ്ഞുണ്ണിക്കര അബ്ദുൽ സത്താർ, മലപ്പുറം സ്വദേശികളായ ഇ.ടി സൈനുദ്ദീൻ, സുഹൈബ് പൊട്ടുണിക്കൽ എന്നീ മലയാളികളെ ഈ മാസം എട്ടിന് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. പ്രധാന ഗൂഢാലോചകരായ സിമി അഖിലേന്ത്യ ജനറൽ സെക്രട്ടറി സഫ്ദർ നാഗോറി, ഖമറുദ്ദീൻ നാഗോറി, ഗുജറാത്തുകാരായ ഖയൂമുദ്ദീൻ കപാഡിയ, സാഹിദ് ശൈഖ്, ഷംസുദ്ദീൻ ശൈഖ് എന്നിവർക്കും വധശിക്ഷ വിധിച്ചു.
14 വർഷത്തിനു ശേഷമാണ് കേസിൽ ശിക്ഷാ വിധി വരുന്നത്. ജൂലൈ 26ന് വൈകുന്നേരം 6.32നാണ് അഹ്മദാബാദിനെ വിറപ്പിച്ച് 21 സ്ഫോടനങ്ങൾ 70 മിനിറ്റിനിടക്ക് സംഭവിച്ചത്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് 7000 പേജ് വരുന്ന വിധിന്യായത്തിൽ പ്രത്യേക കോടതി ജഡ്ജി എ.ആർ പട്ടേൽ വിലയിരുത്തി. 38 പ്രതികളെയും തൂക്കിക്കൊല്ലാനാണ് വിധിച്ചിരിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അമിത് പട്ടേൽ പറഞ്ഞു.
ഈ മാസം എട്ടിന് കേസിലെ 28 പ്രതികളെ കോടതി കുറ്റമുക്തരാക്കിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 302(കൊലപാതകം), 120 ബി (ക്രിമിനൽ ഗൂഢാലോചന), ഭീകരവാദ പ്രവർത്തനം തടയൽ നിയമമായ യു.എ.പി.എയിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് 38 പ്രതികൾക്കുള്ള വധശിക്ഷ. മറ്റ് 11 പേർക്ക് ക്രിമിനൽ ഗൂഢാലോചന, യു.എ.പി.എ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ. ശിക്ഷിക്കപ്പെട്ട 48 പേർക്കും 2.85 ലക്ഷം രൂപ പിഴയിട്ടു. ഒരാൾക്ക് 2.88 ലക്ഷവും പിഴയിട്ടു. സ്ഫോടനങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ലക്ഷം രൂപ വീതവും ഗുരുതര പരിക്കേറ്റവർക്ക് 50,000, നിസാര പരിക്കേറ്റവർക്ക് 25,000 രൂപ വീതവും നൽകാൻ കോടതി ഉത്തരവായി.
ശിക്ഷ വിധിക്കുമ്പോൾ സബർമതി, തീഹാർ, ഡൽഹി, ഭോപ്പാൽ, ഗയ, മുംബൈ, ബെംഗളൂരു, കേരളം എന്നീ ജയിലുകളിലുള്ള എല്ലാ പ്രതികളും വെർച്വലായി കോടതിയിൽ ഹാജരായി. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിൽ വിചാരണ പൂർത്തിയായത്. നിരോധിത സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയിലെ അംഗങ്ങൾ ചേർന്ന് രൂപവത്കരിച്ച ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. 2002ൽ ഗുജറാത്തിൽ മുസ്ലിംകൾ കൂട്ടക്കൊല ചെയ്യപ്പെട്ടതിന്‍റെ പ്രതികാരമായാണ് ഇത് ചെയ്തതെന്നും പൊലീസ് പറഞ്ഞിരുന്നു.
ഇന്ത്യൻ മുജാഹിദ്ദീനുമായി ബന്ധമുള്ള 78 പേരെ പ്രതി ചേർത്ത് 2009 ഡിസംബറിലാണ് വിചാരണ തുടങ്ങിയത്. തുടർന്ന് ഒരാളെ മാപ്പുസാക്ഷിയാക്കി. മറ്റ് നാല്പേരെ കൂടി പിന്നീട് പ്രതി ചേർത്തെങ്കിലും ഇവരുടെ വിചാരണ പൂർത്തിയായിട്ടില്ല. 35 കുറ്റപത്രങ്ങൾ സംയോജിപ്പിച്ചാണ് കോടതി വാദം കേട്ടത്. ഒമ്പത് ജഡ്ജിമാരുടെ ബെഞ്ചിലൂടെ കേസ് കടന്നുപോയി.
സ്ഫോടന പരമ്പരക്ക് പിന്നാലെ തുടർ ദിവസങ്ങളിൽ നടത്തിയ തെരച്ചിലിൽ സൂറത്തിൽ നിന്ന് പൊട്ടാൻ സാധ്യതയുണ്ടായിരുന്ന 29 ബോംബുകൾ കൂടി കണ്ടെടുത്തിരുന്നു. അഹ്മദാബാദിൽ സംസ്ഥാന സർക്കാറിന് കീഴിലെ സിവിൽ ആശുപത്രി, മുനിസിപ്പൽ കോർപ്പറേഷനു കീഴിലെ എൽ.ജി ആശുപത്രി, ബസുകൾ, റോഡരികിൽ നിർത്തിയിട്ടിരുന്ന സൈക്കിളുകൾ, കാറുകൾ തുടങ്ങിയ സ്ഥലങ്ങളിലായാണ് സ്ഫോടനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.