ന്യൂഡൽഹി: കൊടുംചൂടിൽ വലയുന്ന ഡല്‍ഹിയില്‍ ജലക്ഷാമമുണ്ടാക്കാൻ ബോധപൂർവമായ ശ്രമമെന്ന് ജലവകുപ്പ് മന്ത്രി അതിഷി മർലേന. പൈപ്പ് ലൈനുകളിൽ മനഃപൂർവം ചോർച്ചയുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നതായും മന്ത്രി പറഞ്ഞു. 375 മില്ലി മീറ്റർ പൈപ്പിലെ ബോൾട്ടുകൾ മുറിച്ച നിലയിൽ കണ്ടെത്തിയതിന്റെ ചിത്രങ്ങൾ സഹിതമായിരുന്നു മന്ത്രിയുടെ ആരോപണം. അറ്റകുറ്റപ്പണി നടത്തേണ്ടിവന്നതിനാൽ തെക്കൻ ഡൽഹിയിൽ ജല വിതരണത്തിൽ 25 ശതമാനം കുറവ് നേരിട്ടതായും അതിഷി പറഞ്ഞു.
കടുത്ത ചൂടിനുപിന്നാലെ ഉഷ്ണതരംഗഭീഷണിയും നിലനിൽക്കുന്നതിനിടെയാണ് കുടിവെള്ളക്ഷാമവും ജനത്തെ വലക്കുന്നത്. ആം ആദ്മി സർക്കാറിന്റെ പരാജയമാണ് ജലപ്രതിസന്ധിയെന്നാരോപിച്ച് കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധം ശക്തമാക്കുന്നതിനിടെ ഞായറാഴ്ച ഡൽഹി ജൽ ബോർഡിന്റെ ഓഫിസ് സംഘടിച്ചെത്തിയ വനിത ബി.ജെ.പി പ്രവർത്തകർ അടിച്ചുതകർത്തു. പ്രതിസന്ധിയിൽ ബി.ജെ.പി മുതലെടുപ്പ് നടത്തുകയാണെന്ന് എ.എ.പി സമൂഹമാധ്യമത്തിൽ ആരോപിച്ചു. സഹികെട്ട ജനം പ്രതികരിക്കുന്നത് സ്വാഭാവികമാണെന്ന് ബി.ജെ.പി നേതാവ് രമേഷ് ബിധൂരി പറഞ്ഞു. ഇതിനിടെ ഞായറാഴ്ച രാവിലെ ദ്വാരകയിൽ പൊതുടാപ്പിനെ ചൊല്ലിയുള്ള തർക്കം കൈയേറ്റത്തിൽ കലാശിച്ചു. ഇരുവിഭാഗങ്ങളായി തിരിഞ്ഞ് ജനങ്ങൾ ഏറ്റുമുട്ടി. മൂന്നുപേരെ പരിക്കുകളോടെ ഡൽഹി ഇന്ദിരഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജ്യ തലസ്ഥാനത്തെ ജലപ്രതിസന്ധി കണക്കിലെടുത്ത് അടുത്ത 15 ദിവസത്തേക്ക് പ്രധാന പൈപ്പ് ലൈനുകൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് പൊലീസ് കമീഷണർ സഞ്ജയ് അറോറക്ക് മന്ത്രി കത്തെഴുതി. സാഹചര്യം ചർച്ച ചെയ്യാൻ എ.എ.പി എം.എൽ.എമാർ മന്ത്രി അതിഷി മർലേനയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍, ഡൽഹി സർക്കാറിന്റെ കെടുകാര്യസ്ഥതയാണ് ജലക്ഷാമത്തിലേക്ക് നയിച്ചതെന്നാണ് ബി.ജെ.പിയുടെ ആരോപണം. എം.പിമാർ അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിച്ചു. ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും ഡൽഹി സർക്കാർ ഒന്നും ചെയ്തില്ലെന്ന് ബി.ജെ.പി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ വിമർശിച്ചു. സർക്കാറിന്റെ വീഴ്ചയാണ് പ്രതിസന്ധിയിൽ കലാശിച്ചതെന്നും വറുതി മുന്നിൽക്കണ്ട് ആക്ഷൻ പ്ലാൻ തയാറാക്കുന്നതിൽ സർക്കാറിന് വീഴ്ചവന്നെന്നും വിമർശനവുമായി കോൺഗ്രസ് ജില്ല നേതാവ് ദേവേന്ദ്ര യാദവും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.