മഹാ വികാസ് അഘാടി (എം.വി.എ) സഖ്യത്തിന്‍റെ ഭാവിയെ തന്നെ ചോദ്യചിഹ്നമാക്കിക്കൊണ്ടാണ് ശിവസേനക്കുള്ളിലെ വിമതനീക്കം മഹാരാഷ്ട്ര രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നത്. പഴയ സഖ്യകക്ഷിയായ ബി.ജെ.പിയെ പിണക്കി എൻ.സി.പിയോടും കോൺഗ്രസിനോടും കൈകോർത്ത് പുതിയ സഖ്യമുണ്ടാക്കി അധികാരത്തിലേറിയപ്പോൾ ഏറ്റവും നേട്ടമുണ്ടായ കക്ഷി ശിവസേന തന്നെയായിരുന്നു. എന്നിട്ടും, ഉദ്ധവ് താക്കറെയുടെ സംഘം ചിതറിയതെങ്ങനെ? നിയമസഭയിലെ 55 പേരിൽ 40 പേരും പാർട്ടി അധ്യക്ഷനും നേതൃത്വത്തിനുമെതിരെ തിരിയാൻ സാഹചര്യമൊരുക്കിയതെന്ത്?
എൻ.സി.പിയും ശിവസേനയും പ്രഥമദൃഷ്ട്യാ ഒന്നിച്ചാണെങ്കിലും ഇവർക്കിടയിലെ അകൽച്ച വളരുകയായിരുന്നു. മഹാരാഷ്ട്രയിൽ എൻ.സി.പി സ്വാധീനം വർധിപ്പിക്കുന്നത് ശിവസേന നേതാക്കൾക്ക് അത്ര രസിക്കുന്നുണ്ടായിരുന്നില്ല. അതേസമയം എൻ.സി.പി നേതൃത്വമാകട്ടെ, അധികാരത്തിന്‍റെ എല്ലാ സാധ്യതയും ഉപയോഗിച്ച് താഴെത്തട്ടിൽ വരെ പ്രവർത്തനം ശക്തമാക്കിക്കൊണ്ടിരുന്നു.
2019 നവംബർ 23നാണ് ഗവർണറായിരുന്ന ഭഗത്സിങ് കോശിയാരിക്ക് മുന്നിൽ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും എൻ.സി.പി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ, വെറും 80 മണിക്കൂർ മാത്രമായിരുന്നു ഈ സർക്കാറിന്‍റെ ആയുസ്. നവംബർ 26ന് സർക്കാർ വീണു. 28ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ബി.ജെ.പി സർക്കാറിനെ താഴെയിറക്കി സഖ്യസർക്കാറിനെ അധികാരത്തിലേറ്റുന്നതിൽ നിർണായക ചരടുവലികൾ നടത്തിയത് എൻ.സി.പി അധ്യക്ഷൻ ശരദ് പവാറായിരുന്നു. സഖ്യരൂപീകരണത്തിൽ വരെ നിർണായകമായി പവാറിന്‍റെ കൈകൾ. മഹാരാഷ്ട്രയിൽ സംഭവിച്ചതെല്ലാം പവാറിന് അറിയാമായിരുന്നെന്നും അവസാന നിമിഷമാണ് പവാർ കളംമാറിയതെന്നും ദേവേന്ദ്ര ഫഡ്നാവിസ് തന്നെ പിന്നീട് പറഞ്ഞിരുന്നു.
അധികാരം ലഭിച്ചത് തങ്ങളുടെ ശക്തി വർധിപ്പിക്കാനുള്ള സുവർണാവസരമായാണ് എൻ.സി.പി കണ്ടത്. അതിനെ അവർ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. അവരുടെ സംഘടനാ സംവിധാനങ്ങൾ ഇക്കാലയളവിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. എല്ലാ നേതാക്കളും താഴെത്തട്ടിലിറങ്ങി പ്രവർത്തിച്ചു.
എം.വി.എ സഖ്യത്തിന് തൊട്ടുമുമ്പ് വരെ പരമ്പരാഗത ശത്രുക്കളായിരുന്ന ശിവസേനയുടെ പ്രവർത്തകർക്ക് ഇത് ദഹിച്ചിരുന്നില്ല. താഴെത്തട്ടിൽ പല അസ്വാരസ്യങ്ങളുമുണ്ടായി. ഉന്നതങ്ങളിൽ സൗഹൃദവും താഴെത്തട്ടിൽ ശത്രുതയുമായിട്ടായിരുന്നു ഇരു കക്ഷികളും ഒന്നിച്ചുപോയിരുന്നത്. പലയിടത്തും ഇരുവിഭാഗം പ്രവർത്തകരും ഏറ്റുമുട്ടുന്ന സംഭവങ്ങളുമുണ്ടായി. പ്രത്യേകിച്ച്, പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ ഈ ഭിന്നത ഏറെ പ്രകടമായിരുന്നു.
അധികാരമുണ്ടെങ്കിലും മുന്നണിനീക്കുപോക്കുകളിൽ തങ്ങൾ ഒതുക്കപ്പെട്ടുവോയെന്ന തോന്നൽ സേനയുടെ പല എം.എൽ.എമാർക്കും ഉണ്ടായിരുന്നതായി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ശിവസേനക്ക് ഏറെ എം.എൽ.എമാരുള്ള മേഖലകളിൽ മന്ത്രിതല ചുമതല എൻ.സി.പിക്കായിരുന്നു. തങ്ങളുടെ മണ്ഡലത്തിലെ പ്രവൃത്തികൾക്കായുള്ള അഭ്യർഥനകൾ തുടർച്ചയായി അവഗണിക്കപ്പെടുകയാണെന്ന ധാരണ സേന എം.എൽ.എമാരിലുണ്ടായി. അധികാരത്തിൽ ശിവസേനയെ മറികടക്കാൻ എൻ.സി.പി ഒരുങ്ങുന്നുവെന്ന തോന്നലുമുണ്ടായി.
മഹാരാഷ്ട്ര മന്ത്രിസഭയിലെ പ്രധാനപ്പെട്ട പല വകുപ്പുകളും ലഭിച്ചത് എൻ.സി.പിക്കായിരുന്നു. ധനകാര്യം, ഹൗസിങ്, ജലവിഭവം, ജലവിതരണം തുടങ്ങിയ വകുപ്പുകളെല്ലാം പവാറിന് പോയി. തങ്ങളുടെ മണ്ഡലങ്ങളിൽ ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ലെന്ന പരാതി ശിവസേന എം.എൽ.എമാർക്കിടയിൽ സജീവമായി. ആ സമയത്ത് എം.എൽ.എമാർക്ക് കൂടുതൽ ഫണ്ട് നൽകി ഒപ്പം നിന്നത് ഇപ്പോൾ വിമതനീക്കത്തിന് നേതൃത്വം നൽകുന്ന നഗരവികസന മന്ത്രി ഏക്നാഥ് ഷിൻഡെ ആയിരുന്നു.
മഹാരാഷ്ട്രയിൽ അധികാരം നഷ്ടമായത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരുന്നു. സത്യപ്രതിഞ്ജ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം രാജിവെക്കേണ്ടിവന്നത് ദേവേന്ദ്ര ഫഡ്നാവിസിന് അഭിമാനക്ഷതമായി. എന്നാൽ, പഴയ ചങ്ങാതി പൊതുശത്രുക്കളുമായി ചേർന്ന് അധികാരത്തിലേറിയപ്പോൾ കണ്ടുനിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. എന്നാൽ, പിന്നീട് മുന്നണിക്കുള്ളിലെ ഓരോ അസ്വാരസ്യങ്ങളും ബി.ജെ.പി സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. ഉദ്ധവ് താക്കറെയും സഞ്ജയ് റാവുത്തും ഉൾപ്പെടെയുള്ള മുൻനിര നേതാക്കൾ ബി.ജെ.പിയോടും കേന്ദ്ര സർക്കാറിനോടും നേർക്കുനേർ ഏറ്റുമുട്ടുമ്പോഴും പല സേന എം.എൽ.എമാർക്കും ബി.ജെ.പിയോട് പ്രത്യേക ശത്രുതയുണ്ടായിരുന്നില്ല. പുതിയ സഖ്യത്തിൽ ഹിന്ദുത്വയിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നുവെന്ന തോന്നലും ശക്തമായി. വിമതപക്ഷത്തെ എം.എൽ.എമാർ ഇപ്പോൾ ആവശ്യപ്പെടുന്നതും ബി.ജെ.പിയുമായുള്ള പഴയ കൂട്ടുകെട്ടിലേക്ക് മടങ്ങാനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.