ജമ്മു: ജമ്മു-കശ്മീർ മുൻ മന്ത്രിയും ദോഗ്ര സദർ സഭ പ്രസിഡൻറുമായ ഗുൽചെയ്ൻ സിങ് ചര ക് കസ്റ്റഡിയിൽ. ചൊവ്വാഴ്ച വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിന് ജമ്മുവിലെ പാർട്ടി ആസ്ഥാനമായ ദോഗ്ര ഹാളിൽ എത്തിയ ഉടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാരണം ഒന്നും പറയാതെയാണ് പൊലീസ് കൊണ്ടുപോയതെന്ന് മകൻ ഗംഭീർ ദേവ് സിങ് ചരക് പറഞ്ഞു. ‘ജമ്മു മേഖലയിലെ ജനങ്ങളുടെ സുരക്ഷക്ക് ചില നിർദേശങ്ങൾ അറിയിക്കാനായിരുന്നു പാർട്ടി വാർത്തസമ്മേളനം വിളിച്ചുചേർത്തത്. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിനെ അനുകൂലിച്ച കക്ഷിയാണ് ദോഗ്ര സദർ സഭ. എന്നിട്ടും പ്രസിഡൻറിനെ കസ്റ്റഡിയിലെടുത്തത് ജനാധിപത്യത്തെ കൊല നടത്തിയതിനു തുല്യമാണ്’- ഗംഭീർ ചരക് കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 16ന് വാർത്തസമ്മേളനത്തിന് തൊട്ടുമുമ്പ് കോൺഗ്രസ് വക്താവും മുൻ എം.എൽ.സിയുമായ രവീന്ദർ ശർമയെയും കസ്റ്റഡിയിലെടുത്തിരുന്നു. കോൺഗ്രസ് അധ്യക്ഷൻ ഗുലാം അഹ്മദ് മീർ, ദോഗ്ര സ്വാഭിമാൻ സംഗതൻ സ്ഥാപകൻ ചൗധരി ലാൽ സിങ്, നാഷനൽ കോൺഫറൻസ് പ്രവിശ്യ അധ്യക്ഷൻ ദേവേന്ദർ സിങ് റാണ തുടങ്ങിയവരും വീട്ടുതടങ്കലിലാണ്. അതിനിടെ, സംസ്ഥാനത്തെ സ്ഥിതിഗതികൾ ബോധ്യപ്പെടുത്താൻ സി.ആർ.പി.എഫ് അഡീഷനൽ ഡയറക്ടർ ജനറൽ സുൽഫീകർ ഹസൻ ഗവർണർ സത്യപാൽ മാലികിനെ കണ്ടു. കനത്തജാഗ്രത പാലിക്കണമെന്ന് സേനക്ക് ഗവർണർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.